ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഐതിഹാസികമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ഐതിഹാസികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷ സമരത്തിന് ഇതുവരെ കാണാത്ത ഇച്ഛാശക്തിയുണ്ട്. കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക നിയമവുമായി ബന്ധപ്പെട്ട പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
35 ദിവസത്തെ സമരത്തിനിടെ 32 കർഷകർക്ക് ജീവൻ നഷ്ടമായി. കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കോവിഡിനിടയിൽ പ്രതിഷേധമുണ്ടാക്കുന്ന നിയമനിർമാണം പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ഡികൾ ഇല്ലാതാകുന്നത് കോർപറേറ്റ് ഔട്ട്ലെറ്റുകൾക്ക് വഴിവെക്കും. കോർപറേറ്റുകളുമായി യുദ്ധം ചെയ്യാനുള്ള ശേഷി കർഷകർക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കർഷകപ്രക്ഷോഭം തുടരുന്നത് കേരളത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.