പൊതുവിദ്യാഭ്യാസ മേഖലയില്‍ കുടിശ്ശികയടക്കം കേന്ദ്രം കേരളത്തിന് നല്‍കേണ്ടത് 1186.84 കോടി; മന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58 കോടി രൂപയാണ്. 2024-25 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 ലേയ്ക്ക് അംഗീകരിച്ച തുക 654.54 കോടി രൂപയുമാണ്. പി എം ശ്രീ പദ്ധതിയില്‍ ഒപ്പു വച്ചില്ലെന്നു പറഞ്ഞ് കേരളത്തിന് അർഹമായ വിഹിതം കേന്ദ്രസർക്കാർ തടഞ്ഞു വച്ചിരിക്കുകയാണെന്ന് മന്ത്രി.

ഒളിമ്ബിക്സിന്റെ മാതൃകയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേരള സ്കൂള്‍ കായികമേള ഇൻക്ലൂസീവ് ആയി സംഘടിപ്പിച്ചതിന് കേരളത്തെയും സമഗ്ര ശിക്ഷ കേരളയേയും പ്രശംസിക്കുമ്ബോള്‍ തന്നെ സമഗ്ര ശിക്ഷ കേരളയ്ക്കുള്ള ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പി എം ശ്രീ ഒരു സമഗ്ര ശിക്ഷാ നിർദ്ദേശങ്ങളുടെയും ഭാഗമായിരുന്നില്ല എന്നതാണ് യാഥാർഥ്യം. 40% സംസ്ഥാന ധനസഹായം ആവശ്യമുള്ള പദ്ധതിയെക്കുറിച്ച്‌ കേരളത്തിന് ന്യായമായ ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും, കേന്ദ്രം അവ പരിഹരിക്കാൻ തയ്യാറായിട്ടില്ല. ഭിന്നശേഷിക്കാരായ കുട്ടികളില്‍ ഇത് ചെലുത്തുന്ന സ്വാധീനം അതിലും ആശങ്കാജനകമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം നല്‍കുന്നതിനും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ പ്രശംസിക്കുന്ന കേന്ദ്ര സർക്കാർ, അവരുടെ വിദ്യാഭ്യാസത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള ഫണ്ട് തടഞ്ഞുവെയ്ക്കുകയാണ് ചെയ്തത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന് പ്രതിജ്ഞാബദ്ധമായ കേരള മോഡലിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.