ആദിവാസികളെ അപമാനിച്ച വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ നടപടിക്ക് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ ഉത്തരവ്
തിരൂർ: ആദിവാസികളെ അപമാനിച്ച വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ 30 ദിവസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.വി.കെ.ഫൈസൽ ബാബു ദേശീയ ട്രൈബൽ കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.


സി.മമ്മൂട്ടി എം.എൽ.എ യെ വിമർശിക്കുന്നതിന് വേണ്ടി “ഞങ്ങൾ ആദിവാസികൾക്കിടയിൽ ജനിച്ചവരല്ല, തിരൂരിൽ ജനിച്ച് വളർന്നവരാണ് ” എന്ന പരാമർശമാണ് തിരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വി.അബ്ദുറഹിമാൻ എം.എൽ.എ നടത്തിയത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തിൽ നിന്നും ഉയർന്നിരുന്നു. ആദിവാസി സമൂഹത്തെ അപമാനിച്ച എം.എൽ.എ രാജിവെക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ദേശീയ പട്ടികവർഗ കമ്മീഷൻ ചീഫ് സെക്രട്ടറി, ഡി.ജി.പി, മലപ്പുറം ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് ഉത്തരവ് നൽകിയത്.വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ എത്രയും വേഗം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


അന്വേഷണം രാഷ്ട്രീയ പ്രേരിതമായി നീട്ടികൊണ്ടു പോയാൽ തുടർന്നുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.വി.കെ.ഫൈസൽ ബാബു, തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.റിയാസ്, ട്രഷറർ സലാം ആതവനാട്, മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി അൻവർ പാറയിൽ എന്നിവർ പങ്കെടുത്തു.
