Fincat

രണ്ടക്കം കടന്നത് 4 പേര്‍, ബാബറിനും റിസ്‌വാനും നിരാശ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയും കൈവിട്ട് പാകിസ്ഥാന്‍


ഹാമില്‍ട്ടണ്‍: ടി20 പരമ്ബരക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലും പാകിസ്ഥാന് നാണംകെട്ട തോല്‍വി.ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ 84 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ മൂന്ന് മത്സര പരമ്ബരയില്‍ 0-2ന് പിന്നിലായി. രണ്ടാം ഏകദിനത്തില്‍ 293 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 41.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 292-8, പാകിസ്ഥാന്‍ 41.2 ഓവറില്‍ 208 ഓള്‍ ഔട്ട്.

293 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ 9-3ലേക്കും 32-5ലേക്കും തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു. ഓപ്പണര്‍ അബ്ദുള്ള ഷഫീഖ്(1), ഇമാം ഉള്‍ ഹഖ്(3), ബാബര്‍ അസം(1), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍(5), സല്‍മാന്‍ ആഗ(9) എന്നിവരെയാണ് പാകിസ്ഥാന് 12 ഓവറിനുള്ളില്‍ നഷ്ടമായത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജേക്കബ് ഡഫിയും ബെന്‍ സീര്‍സും ഒരു വിക്കറ്റെടുത്ത വില്യം ഒറൂര്‍ക്കെയുമാണ് പാകിസ്ഥാനെ കൂട്ടത്തകര്‍ച്ചയിലാക്കിയത്.

എന്നാല്‍ ആറാം വിക്കറ്റില്‍ തയ്യാബ് താഹിറിനെ(13) കൂട്ടുപിടിച്ച്‌ ഫഹീം അഷ്റഫ് പാകിസ്ഥാനെ 50 കടത്തി. താഹിറിനെ നഥാന്‍ സ്മിത്ത് പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ വീണ്ടും കൂട്ടത്തകര്‍ച്ചയിലായി. മുഹമ്മദ് വസീം ജൂനിയറും(1), അകിഫ് ജാവേദും(8) പുറത്തായതിന് പിന്നാലെ ഹാരിസ് റൗഫ്(3) പരിക്കേറ്റ് മടങ്ങിയതോടെ 114-8ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ പത്താമനായി ക്രീസിലെത്തിയ നസീം ഷായും(44 പന്തില്‍ 51) ഫഹീം അഷ്റഫും(73) ചേര്‍ന്ന് 150 കടത്തി. അവസാന ബാറ്ററായി ക്രീസിലെത്തിയ സൂഫിയ മഖീം(13) ആണ് പാക് ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.ന്യൂസിലന്‍ഡിനായി ബെന്‍ സീര്‍സ് അഞ്ചും ജേക്കബ് ഡഫി രണ്ടും വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 132-5ലേക്ക് തകര്‍ന്നെങ്കിലും ഏഴാമനായി ക്രീസിലെത്തി തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ മിച്ചല്‍ ഹേ(78 പന്തില്‍ 99)യുടെ അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. മുഹമ്മദ് അബ്ബാസ്(41), നിക്ക് കെല്ലി(31), ഹെന്‍റി നിക്കോള്‍സ്(22), എന്നിവരും കിവീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാനുവേണ്ടി മുഹമ്മദ് വാസിമും സൂഫിയ മുഖീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്ബരയിലെ അവസാന മത്സരം ശനിയാഴ്ച നടക്കും.