ഷാര്‍ജയിലെ സഫീര്‍ മാള്‍ അടച്ചുപൂട്ടി, കാരണം വ്യക്തമാക്കാതെ ഉടമകള്‍


ഷാർജ: ഷാർജയിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളില്‍ ഒന്നായ സഫീർ മാള്‍ അടച്ചുപൂട്ടി. മാളിന്റെ മുൻവശത്തുള്ള പേരും ലോഗോയും ഉള്‍പ്പടെയുള്ള ബോർഡുകള്‍ അഴിച്ചുമാറ്റിയിട്ടുണ്ട്.രണ്ട് മാസം മുൻപാണ് മാള്‍ അടച്ചുപൂട്ടിയതെന്ന് ഖലീജ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍, മാള്‍ അടച്ചുപൂട്ടാനുള്ള കാരണങ്ങള്‍ ഒന്നും തന്നെ മാള്‍ ഉടമകള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മൂന്ന് നിലകളാണ് സഫീർ മാളിനുള്ളത്. കൂടാതെ വിശാലമായ രണ്ട് ബേസ്മെന്റ് പാർക്കിങ്ങും ഉണ്ടായിരുന്നു.

ഷാർജയിലെ അല്‍ഖാൻ റോഡിലെ പ്രധാന ലാൻഡ്മാർക്ക് ആയിരുന്ന സഫീർ മാള്‍ പൗരന്മാരുടെയും പ്രവാസികളുടെയും ഒത്തുചേരലിനുള്ള മുഖ്യ ഇടം കൂടിയായിരുന്നു. 2005ല്‍ അല്‍ സഫീർ ഗ്രൂപ്പ് നിർമിച്ചതാണ് ഈ ഷോപ്പിങ് കേന്ദ്രം. തുടക്കം ഡിസ്കൗണ്ട് സെന്ററായിട്ടായിരുന്നെങ്കിലും പിന്നീട് മാള്‍ ആയി വിപുലീകരിക്കുകയായിരുന്നു. മാളുകളുടെ തുടക്ക കാലം ആയതുകൊണ്ട് തന്നെ സഫീർ മാളിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്.

യുഎഇയില്‍ ‘ഷോപ്പ് ആൻഡ് സേവ്’ സൂപ്പർ മാർക്കറ്റുകളുമായി 1985ലാണ് സഫീർ ഗ്രൂപ്പ് വാണിജ്യ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1997ല്‍ ഒരു ഡിസ്കൗണ്ട് മാർക്കറ്റ് ആരംഭിച്ചു. തുടർന്ന് 2000ല്‍ അല്‍ നഹ്ദ ഏരിയയില്‍ സഫീർ മാർക്കറ്റ് ആരംഭിക്കുകയും പിന്നാലെ 2005ല്‍ സഫീർ മാള്‍ തുറക്കുകയും ചെയ്തു. നിലവില്‍ അജ്മാനിലും റാസല്‍ഖൈമയിലും സഫീർ മാള്‍ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ദുബൈ, ഷാർജ എന്നിവിടങ്ങളില്‍ ഹൈപ്പർ മാർക്കറ്റുകളും മാർട്ടുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. 2003ല്‍ ആരംഭിച്ച ദുബൈയിലെ ഹോർ അല്‍ അൻസ് ഏരിയയില്‍ പ്രവർത്തിക്കുന്ന സെഞ്ച്വറി മാളും സഫീർ ഗ്രൂപ്പിന്റേതാണ്.