‘പറവകൾക്ക് തണ്ണീർ കുടം’ പദ്ധതിയുമായി സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ

തിരുന്നാവായ: കത്തുന്ന വേനലില്‍ ഒരിറ്റ് കുടിനീരിനായി അലയുന്ന മിണ്ടാപ്രാണികളുടെ വേദന തിരിച്ചറിഞ്ഞ് പറവകൾക്ക് തണ്ണീർ കുടമൊരുക്കി ഫോക്കസ് ഗ്രൂപ്പ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ. വേനല്‍ കടുത്തതോടെ കുളങ്ങളും തോടുകളും വറ്റിയതും പക്ഷികള്‍ക്ക് ദാഹജലത്തിന് കടുത്ത പ്രയാസം സൃഷ്ടിച്ചിട്ടുമുണ്ടെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി. മിണ്ടാപ്രാണികളുടെ ദാഹമകറ്റാനായി വിദ്യാര്‍ഥികളുടെ വീടുകളിലും പരിസരത്തുമായി തണ്ണീർ കുമ്പിളുകൾ സ്ഥാപിക്കുകയും ചെയ്തു വരുന്നു.പറവകൾക്ക് കുടിവെള്ളമെത്തിക്കാനായി ‘ദാഹ ജലം തരുമോ’ ക്യാമ്പയിൻ ഉദ്ഘാടനം പട്ടർനടക്കാവ് സാംസ്കാരിക നിലയത്തിനു സമീപം തണ്ണീർക്കുടം ഒരുക്കി തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിച്ചു.പി. മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. സ്‌കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജെ. അമീൻ, കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ഗൈഡ് ക്യാപ്റ്റൻ മാരായ എ. ഹഫ്സത്ത്, വി. സ്മിത എന്നിവർ സംബന്ധിച്ചു.