സണ്‍റൈസേഴ്സിനെ സിറാജ് ഒന്ന് കുടഞ്ഞതാ; നാല് വിക്കറ്റുമായി പുതിയ ഐപിഎല്‍ റെക്കോര്‍ഡ്


ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് സിറാജിന്‍റെ തേര്‍വാഴ്ച.കൂറ്റനടിക്കാര്‍ നിറഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ടൈറ്റന്‍സ് 152 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ സിറാജ് നാഴികക്കല്ല് കുറിച്ചു. നാലോവറില്‍ 17 റണ്ണിന് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജ് ഐപിഎല്‍ ചരിത്രത്തില്‍ തന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമായിരിക്കേ 2023ല്‍ മൊഹാലിയില്‍ പഞ്ചാബ് കിംഗ്സിനെതിരെ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയതായിരുന്നു ഇതിന് മുമ്ബ് സിറാജിന്‍റെ മികച്ച ഐപിഎല്‍ ബൗളിംഗ് പ്രകടനം.

ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് മുഹമ്മദ് സിറാജ് പടയോട്ടം തുടങ്ങിയത്. ഹെഡ് 5 പന്തുകളില്‍ 8 റണ്‍സിലൊതുങ്ങി. അടുത്ത വരവില്‍ മറ്റൊരു വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെയും സിറാജ് ഇളക്കി. അഭിഷേകിന്‍റെ സമ്ബാദ്യം 16 പന്തുകളില്‍ 18 റണ്ണിലൊതുങ്ങി. പവര്‍പ്ലേ ഓവറുകളില്‍ ഏറ്റവും വലിയ വെടിക്കെട്ട് പുറത്തെടുക്കുന്ന രണ്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റര്‍മാരും അതോടെ കൂടാരം കയറി. സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ 19-ാം ഓവറില്‍ തന്‍റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനെത്തിയ മുഹമ്മദ് സിറാജ് വീണ്ടും കൊടുങ്കാറ്റായി. നാലാം ബോളില്‍ അനികേത് വര്‍മ്മ വീണു. 14 ബോളുകളില്‍ 18 റണ്‍സ് നേടിയ അനികേത് എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. ഒരൊറ്റ പന്തിന്‍റെ ഇടവേളയില്‍, അതായത് തന്‍റെ അവസാന പന്തില്‍ സിമര്‍ജീത്ത് സിംഗിനെ ബൗള്‍ഡാക്കി സിറാജ് നാല് വിക്കറ്റ് തികച്ചു. സമര്‍ജീത്തിന് അക്കൗണ്ട് തുറക്കാനായില്ല.

ഹൈദരാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റിന് 152 റണ്‍സേ നേടാനായുള്ളൂ. 34 പന്തില്‍ 31 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയും 19 ബോളുകളില്‍ 27 നേടിയ ഹെന്‍‌റിച്ച്‌ ക്ലാസനുമാണ് സണ്‍റൈസേഴ്സിന്‍റെ ടോപ് സ്കോറര്‍മാര്‍. ഗുജറാത്തിനായി സിറാജിന്‍റെ നാലിന് പുറമെ പേസര്‍ പ്രസിദ്ധ് കൃഷ്ണ 25 റണ്ണിനും, സ്പിന്നര്‍ സായ് കിഷോര്‍ 24 റണ്‍സിനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.