അനില്‍ കുമാറിനെ കോവിഡ് വാർഡിലേക്കു മാറ്റുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ മാറ്റാതിരുന്നത് 22 ദിവസം; പരിചരണത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കോവിഡാണെന്നറിഞ്ഞിട്ടും ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ തിരിഞ്ഞു നോക്കിയില്ലെന്ന് മകൾ അഞ്ജന പറഞ്ഞു. അഡ്മിറ്റാകുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ പിന്നീട് മാറ്റിയിട്ടില്ലെന്ന് മകൾ ചൂണ്ടിക്കാട്ടി.ഈ മാസം 6 നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അന്നു കോവിഡ് വാർഡിലേക്കു മാറ്റുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ പിന്നീടു മാറ്റിയിട്ടില്ലെന്നാണ് പരാതി.
ഇതിനിടെ, രോഗിയെ പരിചരിക്കുന്നതിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ എ.റംലാബീവിയ്ക്ക് സമർപ്പിച്ചു. റിപ്പോർട്ട് ആരോഗ്യമന്ത്രി ശൈലജയ്ക്കു കൈമാറിയെന്നും ആവശ്യമെങ്കിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും റംല ബീവി അറിയിച്ചു.
അതിനിടെ അനിൽകുമാറിന്റെ ശരീരം പുഴുവരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണം നടത്തണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു