മലയാള മണ്ണിൽ നിന്നും ഒരു അക്ഷര വെളിച്ചം

രാജ്യത്ത് മാധ്യമങ്ങള്‍ സ്വാധീനം ചെലുത്തുന്ന മേഖലകളില്‍ പ്രധാനപ്പെട്ടതാണ് മൂന്നര കോടിയോളം ജനങ്ങള്‍ വസിക്കുന്ന കേരളം. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രചാരത്തിന്റെ കാര്യത്തിലും കേരളം മുന്നില്‍ തന്നെ. രാഷ്ട്രീയപാര്‍ട്ടികളും മതങ്ങളും ജാതി സംഘടനകളും വ്യാപാര പ്രമുഖരുമെല്ലാം ഏറ്റവും കൂടുതല്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നതും കേരളത്തില്‍ തന്നെ. ഏതു വിഷയങ്ങളിലും വ്യത്യസ്ത വായനകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ മാധ്യമങ്ങളുടെ സ്വീകാര്യതയ്‌ക്കൊപ്പം അസ്വീകാര്യതയും വ്യാപകമായി പ്രകടിപ്പിക്കപ്പെടുന്നു. ഓരോ പൗരനും മാധ്യമപ്രവര്‍ത്തകനാകുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയ തുറന്നു നല്‍കിയിട്ടുള്ളത്.
173 വര്‍ഷത്തെ മാധ്യമ പാരമ്പര്യമാണ് നമ്മുടെ കൊച്ചു കേരളത്തിനുള്ളത്. 1847ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ച രാജ്യസമാചാരം, പശ്ചിമോദയം തുടങ്ങിയ പത്രങ്ങളിലൂടെയായിരുന്നു മലയാള മാധ്യമ ചരിത്രത്തിന്റെ തുടക്കം.
ഏകദേശം മൂവായിരത്തിലധികം അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരണത്തിനായി കേരളത്തില്‍ നിന്നു മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയില്‍ പലതും പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും വിവിധ കാലങ്ങളില്‍ കേരളത്തിന്റെ വായനാ മണ്ഡലങ്ങളില്‍ സാന്നിധ്യമറിയിച്ച പ്രസിദ്ധീകരണങ്ങളായിരുന്നു ഇവ.
മാധ്യമ പ്രവര്‍ത്തനം ഒരു സാമൂഹിക ഉത്തരവാദിത്തമായി കണ്ട കാലത്ത് നിരവധി പ്രമുഖ വ്യക്തികള്‍ കൈകാര്യം ചെയ്ത സേവന മേഖല കൂടിയായിരുന്നു ഇത്. കേരളത്തെ മാറ്റി മറിച്ചവരുടെ കൂട്ടത്തിലും മാധ്യമ പ്രവര്‍കരായി ചില ശ്രദ്ധേയ പേരുകള്‍ ഇന്നും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.
ഇവരില്‍ ശ്രദ്ധേയ പേരുകളാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുല്‍ഖാദര്‍ മൗലവിയും. ഒരു പത്രാധിപരും പത്രമുതലാളിയും എങ്ങനെയായിരിക്കണമെന്ന് ഇന്നും ആധുനിക മാധ്യമ സമൂഹത്തെയും മാധ്യമവിദ്യാര്‍ഥികളെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുക തന്നെയാണ് ഈ രണ്ടു വ്യക്തിത്വങ്ങളും. ഇവര്‍ക്കു ശേഷവും ശ്രദ്ധേയമായ വ്യക്തിത്വങ്ങളും പത്രങ്ങളും മലയാള മാധ്യമ ലോകത്ത് ജനിക്കുകയും ജീവിക്കുകയും മണ്‍മറഞ്ഞു പോകുകയും ചെയ്തു. എന്നാല്‍ ആ സുവര്‍ണകാലങ്ങളിലെല്ലാം മാധ്യമ പ്രവര്‍ത്തനമെന്നതിന് ഒരു ധാര്‍മിക തലമുണ്ടായിരുന്നു.
ചാനലുകളുടെ വരവോടെയാണ് മാധ്യമ പ്രവര്‍ത്തനം മത്സരത്തിനു വഴി മാറിയതെന്ന ആക്ഷേപമുണ്ട്. ഇതോടെ മാധ്യമങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നും വിമര്‍ശനം്. വാര്‍ത്ത സത്യസന്ധമായിരിക്കണമെന്ന മാധ്യമധര്‍മ്മം പോലും മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തരും മറന്നു തുടങ്ങിയെന്ന പഴി കേള്‍ക്കേണ്ട സാഹചര്യം ഈയടുത്ത കാലത്തായി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ സമയത്താണ് മാധ്യമ മേഖലയ്ക്കു വെള്ളുവിളിയായി ഓരോരുത്തരെയും മാധ്യമ പ്രവര്‍ത്തകരാക്കി ലോകത്തിനൊപ്പം കേരളത്തിലും സോഷ്യല്‍ മീഡിയ ശക്തമായത്. വാര്‍ത്തകളിലെ പൊയ്മുഖങ്ങളെയും വാര്‍ത്തകളുടെ അധാര്‍മികതയെയുമെല്ലാം സോഷ്യല്‍ മീഡിയ വഴി തുറന്നു കാട്ടപ്പെട്ടു. ഇതിനിടയില്‍ സൈബര്‍ രാഷ്ട്രീയ പോരാളികളാലും മറ്റും സോഷ്യല്‍ മീഡിയയും വിമര്‍ശന വിധേയമായി തുടങ്ങി. ഒരു മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്ത കണ്ടെത്തി നെല്ലും പതിരും വേര്‍തിരിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരാല്‍ പരിശോധിക്കപ്പെട്ട് വായനക്കാര്‍ക്കു മുന്‍പിലെത്തിയിരുന്ന വാര്‍ത്തകള്‍ ഞൊടിയിടയില്‍ വായനക്കാരിലേയ്‌ക്കെത്തി തുടങ്ങിയതോടെയാണ് മാധ്യമധര്‍മ്മത്തിന് പുഴുകുത്ത് വന്നു തുടങ്ങിയതെന്ന പരാതിയുണ്ട്. കാലത്തിനൊപ്പം വാര്‍ത്തകള്‍ക്കു വേഗം കൂടിയപ്പോള്‍ വാസ്തവങ്ങള്‍ പിന്തിരിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയെന്ന പരാതിയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. വാര്‍ത്തകള്‍ക്കപ്പുറം വാചക കസര്‍ത്തുകളായി മാധ്യമ പ്രവര്‍ത്തനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിറ്റി സ്‌കാന്‍ എന്ന അച്ചടി, ഡിജിറ്റല്‍ മാധ്യമം ഏറെ പ്രതിസന്ധികള്‍ക്കിടയിലും വായനക്കാരിലേയ്‌ക്കെത്തുന്നത്. മതങ്ങളും ജാതി സംഘടനകളും മത സംഘടനകളും കോര്‍പ്പറേറ്റുകളും മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങുന്ന കാലത്ത് ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സിറ്റി സ്‌കാന്‍ വായനക്കാരിലേക്കെത്തുന്നത്. വാര്‍ത്തകളുടെ കാര്യത്തില്‍ ഹരിശ്ചന്ദ്രന്‍മാര്‍ ചമയുന്ന മാധ്യമ ലോകത്ത് വായനക്കാര്‍ക്ക് പുതു പ്രതീക്ഷ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് സിറ്റി സ്‌കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വായനക്കാര്‍ക്കു മുന്നില്‍ പങ്കു വയ്ക്കാനുള്ളത്. പ്രത്യയശാസ്ത്രങ്ങളുടെ നിറം നോക്കി വാര്‍ത്തയില്‍ പക്ഷം പിടിക്കുന്ന പ്രവണതകള്‍ക്കൊപ്പം ഒരിയ്ക്കലുമില്ല. വസ്തുതകളുടെ പക്ഷത്ത് നിഷ്പക്ഷ നാട്യം കാണിക്കാനും തീരുമാനിച്ചിട്ടില്ല. വിശ്വസ്ത സ്‌ത്രോതസില്‍ നിന്നും കണ്ടതും അറിഞ്ഞതും തിരിച്ചറിഞ്ഞതും അന്വേഷിച്ചറിഞ്ഞുമായിരിക്കണം വാര്‍ത്ത എന്ന ഉത്തമ ബോധ്യത്തോടെയാണ് രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനത്തില്‍ സിറ്റി സ്‌കാന്‍ ഞങ്ങള്‍ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നത്. ഒപ്പം മാധ്യമ പ്രവര്‍ത്തനത്തിന് മഹാത്മജി നല്‍കിയ വാക്കുകളും….

ഒരു വര്‍ത്തമാന പത്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍…പൊതുവികാരം മനസിലാക്കുക. അതു പ്രകടിപ്പിക്കുക; ജനങ്ങള്‍ക്കിടയില്‍ അഭിലഷണീയമായ വികാരങ്ങള്‍ ഉണര്‍ത്തുക, സമൂഹത്തിന്റെ ന്യൂനതകള്‍ ഭയരഹിതമായി തുറന്നു കാട്ടുക.

ടീം സിറ്റി സ്‌കാന്‍