തിരൂരില്‍ കുടിവെള്ള പ്രശ്‌നം പൂര്‍ണ പരിഹാരത്തിലേയ്ക്ക്

തിരൂര്‍: കുടിവെള്ള പ്രശ്‌നം രൂക്ഷമായിരുന്ന മേഖലയായിരുന്നു തിരൂര്‍. പ്രധാനമായും മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലായിരുന്നു ജലക്ഷാമം രൂക്ഷം. നഗരത്തിലാണെങ്കില്‍ പൈപ്പ് പൊട്ടലുകള്‍ തുടര്‍ക്കഥകളായിരുന്നു. ഈ സാഹചര്യത്തിലാണ് സി. മമ്മുട്ടി തിരൂരിന്റെ ജനപ്രതിനിധിയായി എത്തുന്നത്. തിരൂര്‍ ജനത അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായിരുന്നു അദ്ദേഹം ആദ്യ പരിഗണന നല്‍കിയത്. 30 വര്‍ഷം മുന്‍പ് തുടങ്ങിയ തിരുനാവായ കുടിവെള്ള പദ്ധതി പാതിവഴിയിലായിരുന്നു. ഈ പദ്ധതി പൂര്‍ത്തിയാക്കിയതോടെയാണ് കുടിവെള്ള പ്രശ്‌നത്തിന് ചെറിയൊരു ആശ്വാസമായത്. അന്നും വളവന്നൂരും കല്‍പ്പകഞ്ചേരിയും വെട്ടവും തലക്കാടുമെല്ലാം കുടിവെള്ളം കിട്ടാതെ ദുരിതത്തിലായിരുന്നു. മേല്‍പ്പറഞ്ഞ പഞ്ചായത്തുകളിലെല്ലാം കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാനായതാണ് സി. മമ്മുട്ടി കാലത്തെ നേട്ടങ്ങളിലൊന്ന്. 2020ലാണ് വളവന്നൂര്‍-കല്‍പ്പകഞ്ചേരി കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. വെട്ടം, തലക്കാട് പഞ്ചായത്തുകള്‍ക്കായി 33 കോടിയുടെ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നു. കേന്ദ്രഫണ്ട് കിട്ടിയില്ലെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ അതു റദ്ദാക്കി. ഈ സാഹചര്യത്തില്‍ ഇരുപഞ്ചായത്തുകളും കുടിവെള്ള പദ്ധതിക്കായി എംഎല്‍എയോട് ഫണ്ട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് രണ്ടു പഞ്ചായത്തുകള്‍ക്കും 50 ലക്ഷം രൂപ വീതം കുടിവെള്ള പദ്ധതികള്‍ക്കായി അനുവദിച്ചു. തലക്കാട് പഞ്ചായത്ത് വീണ്ടും 38 ലക്ഷം രൂപ ചോദിച്ചിട്ടുണ്ട്. ഇതും ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്ന് സി. മമ്മുട്ടി എംഎല്‍എ പറയുന്നു. രണ്ടരമാസത്തിനകം തിരൂര്‍ മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം. തിരൂര്‍ നഗരസഭയിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചിരുന്നു. പൈപ്പ് റീപ്ലേസ്‌മെന്റാണിവിടെ പൂര്‍ത്തിയാക്കേണ്ടത്. 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി കഴിഞ്ഞു. ശേഷിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാകും-അദ്ദേഹം പറഞ്ഞു.