തിരൂര്‍ നഗരത്തില്‍ പാര്‍ക്കിങ് തലവേദനയാകുന്നു

തിരൂര്‍: നഗരത്തില്‍ വാഹനങ്ങളുമായെത്തുന്നവര്‍ വലയുന്നു. പാര്‍ക്കിങിന് വേണ്ടത്ര സ്ഥലമില്ലാത്തതാണ് തിരൂരിലെത്തുന്നവരെ വലയ്ക്കുന്നത്. പ്രധാനമായും ഗള്‍ഫ് മാര്‍ക്കറ്റിലെത്തുന്നവരാണ് വട്ടം കറങ്ങുന്നത്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളില്‍ നിന്നും ഗള്‍ഫ് മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് വേണ്ടത്ര പാര്‍ക്കിങ് സൗകര്യം ഗള്‍ഫ് മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമില്ല. അതുകൊണ്ടു തന്നെ റിങ് റോഡിലാണ് വാഹനങ്ങള്‍ വ്യാപകമായി പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. തിരൂര്‍ മാര്‍ക്കറ്റിലേയ്ക്ക് വരുന്നരും മണിക്കൂറുകളോളം മാര്‍ക്കറ്റിനകത്തു കുരുങ്ങുന്ന സാഹചര്യങ്ങളുണ്ട്. ഗള്‍ഫ് മാര്‍ക്കറ്റിലേയ്ക്ക് വരുന്ന വാഹനങ്ങളും മാര്‍ക്കറ്റിനകത്തു കൂടിയാണ് വരുന്നത്. ഇത് തിരക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു.
തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് വാനഹനങ്ങളിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ ആശുപത്രി കോംപൗണ്ടില്‍ അനുമതിയില്ല. തൊട്ടടുത്തുള്ള പേ ആന്‍ഡ് പാര്‍ക്കില്‍ വളരെ കുറച്ചു വാഹനങ്ങള്‍ക്കു മാത്രമാണ് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്. മോര്‍ച്ചറിയ്ക്കു സമീപമുണ്ടെങ്കിലും പുതുതായി വരുന്നവര്‍ക്ക് കണ്ടെത്താനും കഴിയുന്നില്ല. ജില്ലാ ആശുപത്രിയ്ക്ക് മുന്നിലെ ഓട്ടോ പേട്ടയും ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. കോവിഡ് പരിശോധനയ്ക്കായി ദിനംപ്രതി സ്വന്തം വാഹനങ്ങളിലായി നിരവധി പേരെത്തുന്നുണ്ട്. ഇവരാണ് ആശുപത്രിയ്ക്കു മുന്നിലെത്തി പാര്‍ക്കിങിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത്.
ഇതുകൂടാതെ പൂങ്ങോട്ടുകുളം, സിറ്റി, താഴേപ്പാലം, ബസ് സ്റ്റാന്‍ഡ് പരിസരം, ഏഴൂര്‍ റോഡ് എന്നിവിടങ്ങളിലും പാര്‍ക്കിങിന് സ്ഥലമില്ലാതെ കുരുങ്ങുന്ന സാഹചര്യമുണ്ട്. പലരും നഗരത്തില്‍ നിന്നു മാറിയുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത് ഓട്ടോയെ ആശ്രയിക്കുന്ന സാഹചര്യങ്ങളുമുണ്ട്.