എടപ്പാൾ മേൽപ്പാലം നിർമ്മാണം; ഗതാഗതനിയന്ത്രണം നിലവിൽ വന്നു

എടപ്പാൾ:മേൽപ്പാലത്തിന്റെ തൃശ്ശൂർ റോഡിലേയും കോഴിക്കോട് റോഡിലേയും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പണികളാരംഭിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ എടപ്പാൾ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ടൗണിൽനിന്ന് തൃശ്ശൂർ റോഡിലേക്കും പൊന്നാനി റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്കുമുള്ള ഗതാഗതവും പൂർണമായി തടസ്സപ്പെടും. തൃശ്ശൂർ-കോഴിക്കോട് റോഡുകളിലെ പണികളാണ് ഏറെക്കുറെ ഇപ്പോൾ പൂർത്തിയായി വരുന്നത്.

ഗതാഗതം ഇതുവഴി

പൊന്നാനിയിൽനിന്ന് പട്ടാമ്പി, തൃശ്ശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കുണ്ടുകടവിൽനിന്ന് അത്താണി റോഡിലേക്ക് തിരിഞ്ഞ് കരിങ്കല്ലത്താണി-സംസ്ഥാന പാതയിലെ നടുവട്ടത്തെത്തണം. പട്ടാമ്പി ഭാഗത്തേക്കുള്ളവർക്ക് ഇവിടെനിന്ന് ടിപ്പുസുൽത്താൻ റോഡ് വഴി പോകാം. ചെറിയ വാഹനങ്ങൾക്ക് എടപ്പാൾ അംശക്കച്ചേരിയിലെത്തി തലമുണ്ട-പൂക്കരത്തറ വഴി നടുവട്ടത്തെത്തിയും യാത്ര തുടരാം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ളതുപോലെ കണ്ടനകത്തുനിന്ന് തിരിഞ്ഞ് വട്ടംകുളത്തെത്തി (നിലവിലുള്ളതുപോലെ എടപ്പാളിലേക്ക്‌ വരാതെ)വട്ടംകുളം പഞ്ചായത്ത് ഓഫീസ്-നെല്ലിശ്ശേരി വഴിയോ കുറ്റിപ്പാല വഴിയോ സംസ്ഥാനപാതയിലെ നടുവട്ടത്തെത്തണം