ഡയാലിസിസ് കേന്ദ്രങ്ങളില്‍ സ്ഥിരം ടെക്‌നീഷ്യൻമാരെ നിയമിക്കണം. ഇ.ടി മുഹമ്മദ് ബഷീർ എം പി
സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് കീഴിലെ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, സി.എച്ച്.സികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററുകളില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ സ്ഥിര നിയമനം നടത്തണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അദ്ദേഹം കത്തയച്ചു. വിവിധ സർക്കാർ ആശുപത്രികളില്ലായി 120 ഓളം ഡയാലിസിസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിലായി ഏകദേശം 3000 ത്തോളം ഡയാലിസിസ് മെഷീനുകളും ഉണ്ട്. എന്നാല്‍ സ്ഥിരം ഡയാലിസിസ് ടെക്‌നീഷ്യന്‍മാരായി ആറ് പേര്‍ മാത്രമാണ് നിലവില്‍ ഉള്ളതന്നും ദിവസേന ആയിരക്കണക്കിന് രോഗികകളാണ് ഈ സെന്ററുകളില്‍ എത്തുന്നതെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ സര്‍ക്കാർ ആശുപത്രികളിലെ ഡയാലിസിസ് സെന്ററുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഡയാലിസിസ് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നത്. പല കേന്ദ്രങ്ങളിലും സാങ്കേതിക പരിജ്ഞാനമുള്ള ഡയാലിസിസ് ടെക്‌നീഷ്യന്‍മാര്‍ക്ക് പകരം ഇതിനെ കുറിച്ച് പ്രാഥമിക അറിവ് പോലുമില്ലാത്ത ആളുകളെയാണ് നിയമിക്കുന്നത് . 2017 ല്‍ 68 ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടികൾ സ്വീകരിച്ചു സ്ഥിര നിയമന പടികള്‍ ത്വരിതപ്പെടുത്തണമെന്ന് എം.പി. കത്തില്‍ ആവശ്യപ്പെട്ടു.