75:കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുഖ്യമന്ത്രിനാടിന് ഇന്ന് സമര്‍പ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയില്‍ 12, കൊല്ലം 5, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 4, ഇടുക്കി 1, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 6, മലപ്പുറം 8, കോഴിക്കോട് 5, കണ്ണൂര്‍ 1, കാസര്‍ഗോഡ് 1 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. വട്ടിയൂര്‍ക്കാവ്, ജഗതി, കീഴാറ്റിങ്ങല്‍, കാട്ടാക്കട, കള്ളിക്കാട് ഓള്‍ഡ് (വീരണകാവ്), പനവൂര്‍, ആനാംകുടി, പുളിമാത്ത്, തൊളിക്കോട്, മടവൂര്‍, കള്ളിക്കാട് ന്യൂ (നെയ്യാര്‍ ഡാം), ഇടവ എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. രണ്ടാംഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തത്. നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതിനുപുറമെയാണ് പുതുതായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ മികച്ച സൗകര്യങ്ങളുള്ള രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുകയും ചെയ്തു.