ഒക്ടോബര്‍ 11നകം വിസ പുതുക്കണം; നിര്‍ദേശവുമായി യുഎഇ

ദുബായ്: യുഎഇയില്‍ കോവിഡ് കാലത്തിനിടയില്‍ കാലഹരണപ്പെട്ട വിസകള്‍ ഒക്ടോബര്‍ 11നകം പുതുക്കാന്‍ നിര്‍ദേശം. മാര്‍ച്ച് ഒന്നിനും ജൂലൈ 11നും ഇടയില്‍ കാലഹരണപ്പെട്ട വിസകളാണ് പുതുക്കാന്‍ നിര്‍ദേശമുള്ളത്.

നേരത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ജിസിസി പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും യുഎഇ നിവാസികള്‍ക്കും വിസ, റസിഡന്‍സി രേഖകള്‍ പുതുക്കുന്നതിന് മൂന്നു മാസത്തെ കാലതാമസം അനുവദിച്ചിരുന്നു. ഇതിന്റെ സമയം അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

വിസ പുതുക്കുന്നതിനായി താമസക്കാര്‍ മെഡിക്കല്‍ പരിശോധന നടത്തണം. വിസാ നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു ദിവസം 25 ദിര്‍ഹവും രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികവുമാണ് പിഴത്തുക. എമിറേറ്റ്‌സ് ഐഡി പുതുക്കാത്തതിന് പ്രതിദിനം 20 ദിര്‍ഹം പിഴയുമുണ്ട്. ഇത് ആയിരം ദിര്‍ഹം വരെ ഉയരാം