വഴി അടച്ചുപൂട്ടിയത് അന്വേഷിക്കാനെത്തിയ വാര്‍ഡുമെമ്പര്‍ക്ക് മര്‍ദ്ദനം ; പരുക്കേറ്റ മെമ്പറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വേങ്ങര: ബന്ധുവിന്റെ വീട്ടിലേക്കുള്ള വഴി അനധികൃതമായി അടച്ചു പൂട്ടിയത് അന്വേഷിക്കുന്നതിന് സി പി ഐ (എം) നേതാക്കളോടൊപ്പം എത്തിയ വാര്‍ഡുമെമ്പറെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു.21 ാം വാര്‍ഡ് മെമ്പറും സി പി ഐ (എം) ലോക്കല്‍ കമ്മറ്റി അംഗവുമായ പി അച്യുതനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധംകെട്ടുവീണ അദ്ദേഹത്തെ വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സഹോദരന്മാരായ ഉണ്യാലുങ്ങല്‍ അബ്ദുല്‍ കരീം ,മുഹമ്മദ് ബഷീര്‍, അബ്ദുല്‍ കാദര്‍ ഇവരുടെ വാപ്പ കുഞ്ഞിക്കാദര്‍ എന്നിവരാണ് സംഘം ചേര്‍ന്ന് അച്യുതനെ മര്‍ദ്ദിച്ചത്. നൂറ്റാണ്ടുകളായി പുളിക്കല്‍ ,പാറയില്‍ കുടുംബങ്ങള്‍ വഴി നടന്നിരുന്ന ഇടവഴി മര്‍ദ്ദനമഴിച്ചുവിട്ടവരുടെ നേതൃത്വത്തില്‍ ഗേറ്റ് വെച്ച് അടക്കുകയും നടവഴി കല്ലിട്ടു തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.ഇതന്വേഷിക്കുന്നതിന്നു വേണ്ടി സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗം കെ ടി അലവിക്കുട്ടി, ലോക്കല്‍ സെക്രട്ടറി പി പത്മനാഭന്‍ ,എല്‍ സി അംഗം കെ കെ രാമകൃഷ്ണന്‍ എന്നിവരോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം. സി പി ഐ (എം) കോട്ടക്കല്‍ ഏരിയാ സെക്രട്ടറി തയ്യില്‍ അലവി ചികിത്സയിലുള്ള പി അച്യുതനെ സന്ദര്‍ശിച്ചു.പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സി പി ഐ (എം) വേങ്ങര ലോക്കല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെ പി സുബ്രഹ്മണ്യന്‍ അധ്യക്ഷനായി.