ലാവ്‌ലിൻ കേസ്; ഇന്ന് സുപ്രീം കോടതിയിൽ

ദില്ലി: എസ്.എൻ.സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വെറുതെവിട്ട കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് സിബിഐ അപ്പീൽ നൽകിയതിന്മേലാണ് ഇന്ന് വാദം നടക്കുന്നത്. ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസിന്‍റെ വാദം കേൾക്കുന്നത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്. അതേസമയം പിണറായി വിജയനു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും വി ഗിരിയും ഹാജരാകും. സിബിഐയുടെ വാദമായിരിക്കും സുപ്രീം കോടതി ആദ്യം കേൾക്കുകയെന്നാണ് കരുതപ്പെടുന്നത്. കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും വേഗത്തിൽ പരിഗണിക്കണമെന്നും കഴിഞ്ഞ ആഴ്ച സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കെ.മോഹനചന്ദ്രൻ, പിണറായി വിജയൻ, എ. ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി കേസിൽ കുറ്റവിമുക്തരാക്കിയത്.