പോക്സോ കേസ് പ്രതിെയെ വെട്ടിക്കൊന്ന പ്രതി പിടിയിൽ

തൃശൂർ: 5 വർഷം മുൻപു കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ പക. പിന്നെയും ഭീഷണി തുടരുന്നതിന്റെ ദേഷ്യം. എളനാട് തിരുമണി കോളനിയിൽ പോക്സോ കേസ് പ്രതി സതീഷിനെ (കുട്ടൻ) സമീപവാസി ശ്രീജിത്ത് വെട്ടിക്കൊന്നതിനു കാരണങ്ങൾ നിരത്തി പൊലീസ്. 2015ൽ ആണു സതീഷ് ശ്രീജിത്തിനെ കുത്തിപ്പരുക്കേൽപിച്ചത്. പുറത്ത് ഇടതുഭാഗത്താണു കുത്തേറ്റത്. വധശ്രമത്തിന് അന്നു കേസെടുത്തെങ്കിലും സതീഷ് ജാമ്യത്തിലിറങ്ങി. ഒരേ കോളനിയിൽ തന്നെ താമസിക്കുന്നതിനിടെ വീണ്ടും പലതവണ കത്തികാട്ടി സതീഷ് ഭീഷണിപ്പെടുത്തിയെന്നും അമ്മയെ ചീത്ത വിളിക്കാറുണ്ടായിരുന്നെന്നും ശ്രീജിത്ത് പൊലീസിനോടു പറഞ്ഞു.പോക്സോ കേസിൽ പിടിയിലായ സതീഷ് പുറത്തിറങ്ങിയതുമുതൽ തക്കംപാർത്തിരിക്കുകയായിരുന്നു ശ്രീജിത്ത്. പട്ടാമ്പിയിലേക്കു പണിക്കു പോയതോടെ ഏറ്റുമുട്ടൽ ഒഴിവായി. എന്നാൽ, കഴിഞ്ഞദിവസം എത്തിയ സതീഷ് രാവിലെ തന്നെ സമീപത്തെ വീടിന്റെ വരാന്തയിൽ മദ്യസൽക്കാരം തുടങ്ങി. മൂന്നു സംഘങ്ങൾ പലപ്പോഴായെത്തി സതീഷിനൊപ്പം മദ്യപിച്ചു. ഇതിൽ രാത്രി സംഘത്തിൽ ശ്രീജിത്ത് കയറിപ്പറ്റി. എല്ലാവരും നേരത്തേ മടങ്ങിയെങ്കിലും മദ്യലഹരിയിൽ സതീഷ് ഉറങ്ങിയെന്നുറപ്പാക്കി ശ്രീജിത്ത് തിരികെയെത്തി വെട്ടിക്കൊല്ലുകയായിരുന്നു.ഇന്നലെ രാവിലെ സംഭവമറിഞ്ഞ് ഓടിക്കൂടിയവർക്കൊപ്പം ശ്രീജിത്തുമെത്തി മൃതദേഹം കണ്ടു മടങ്ങി.

തലയിലും കൈകാലുകളിലുമായി മുപ്പതോളം വെട്ടുകളുണ്ട്. മൽപ്പിടിത്തം ഉണ്ടായില്ലെന്നാണു സൂചന. സമീപത്തുനിന്നു മദ്യക്കുപ്പികൾ, ചെരിപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു. വരാന്തയിൽ വീണ രക്തത്തിൽ കാൽപാടു പതിഞ്ഞെങ്കിലും ഇതു കഴുകിക്കളഞ്ഞശേഷമാണു ശ്രീജിത്ത് സംഭവ സ്ഥലത്തു നിന്നു മടങ്ങിയത്. വെട്ടാനുപയോഗിച്ച കത്തി ഒരു കിലോമീറ്റർ അകലെയുള്ള കനാലിൽ കല്ലുകെട്ടിത്താഴ്ത്തി.പൊലീസ് നായ ഡോണ പ്രതിയുടെ മണം പിടിച്ച് ഈ കനാൽ വരെ എത്തിയിരുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്കാണു മൃതദേഹം കണ്ടെത്തിയത്. തലേദിവസം വരാന്തയിൽ മദ്യപസംഘങ്ങളുണ്ടായിരുന്നെന്നു വീട്ടുടമസ്ഥൻ നൽകിയ വിവരമാണു പൊലീസിനു തുമ്പായത്. കൊല്ലപ്പെട്ട സതീഷിനൊപ്പം മദ്യപിച്ചവരെയെല്ലാം 11ന് അകം പൊലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രാത്രി നേരത്തേ എല്ലാവരും മടങ്ങിയെന്ന വിവരം ലഭിച്ചത്. ഓരോരുത്തരുടെയും വീടുകളിൽ അന്വേഷിച്ചപ്പോൾ ശ്രീജിത്ത് മാത്രം പുലർച്ചെ മൂന്നുമണിയോടെയാണു വീട്ടിലെത്തിയതെന്നു വിവരം കിട്ടി. കൊലപാതകം നടന്നത് 12നു ശേഷവും. അതുവരെ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ലാത്തതും ശ്രീജിത്തിന്റെ മുൻവൈരാഗ്യവും പോലീവിന് പിടിവള്ളിയായി.