സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; മെയ് വരെ നീട്ടണമെന്ന് വിദഗ്‍ധസമിതി
സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്‍ധസമിതി. സ്കൂൾ തുറക്കാൻ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്‍ധസമിതി ശിപാർശ ചെയ്തു. അധ്യാപകർ സ്കൂളുകളിലെത്താൻ നിർദ്ദേശം നൽകണമെന്നും ശിപാർശയിലുണ്ട്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ വൈകുന്നുവെങ്കിലും പാഠ്യപദ്ധതി ചുരുക്കരുത്. കുട്ടികൾക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി മാത്രമേ അധ്യയനവർഷം പൂർത്തിയാക്കാവൂ എന്നും സമിതി നിർദ്ദേശിക്കുന്നു. സ്കൂൾ എപ്പോൾ തുറക്കുന്നുവോ അന്നു മുതൽ അധികസമയ ക്ലാസുകൾ ക്രമീകരിക്കുകയും ശനിയാഴ്ച ദിവസങ്ങളിൽ പ്രവർത്തിക്കുകയും വേണം. അധ്യയന വർഷാവസാനം മേയിൽ ആകത്തക്കവിധം പരീക്ഷകൾ നടത്തണമെന്നും ശിപാർശ ചെയ്യുന്നു.
സ്കൂൾ തുറക്കാൻ തീരുമാനിക്കുന്ന മുറക്ക് പൊതുപരീക്ഷ നടക്കുന്ന പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും തുടങ്ങണം. തുടർന്ന് രണ്ടാം ഘട്ടമായി ഒൻപതാം ക്ലാസും പതിനൊന്നാം ക്ലാസും തുടങ്ങണം. എന്നാൽ സ്കൂളുകൾ തുറക്കുന്നതിന് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക അനുമതി വാങ്ങണമെന്നും വിദഗ്‍ധസമിതി നിർദ്ദേശിക്കുന്നു.
വിക്ടേഴ്സ് ചാനൽ നടത്തുന്ന ഫസ്റ്റ്ബെൽ ക്ലാസുകൾ വഴി പഠിപ്പിച്ചവ ഗ്രഹിച്ചോ എന്നറിയാൻ പരീക്ഷക്ക് പകരം വർക്‍ഷീറ്റുകൾ ഉപയോഗിക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു. സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങിയ സാഹചര്യത്തിൽ അധ്യാപകർ പരമാവധി സ്കൂളിലെത്താൻ നിർദേശിക്കണമെന്നാണ് സമിതിയുടെ ശിപാർശ.
എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അധ്യക്ഷനായ സമിതിയിൽ എ.ഡി.പി.ഐ ഷൈൻമോൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, ഡോ. ആർ. ജയപ്രകാശ്, കെ.സി. ഹരികൃഷ്ണൻ, സി. പ്രദീപ്, സി. രാമകൃഷ്ണൻ, എൻ. ശ്രീകുമാർ എന്നിവരാണ് അംഗങ്ങൾ