അപവാദ പ്രചരണം; ഗായകന്‍ എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

തൃശൂര്‍; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. സ്വകാര്യ ചാനലിലെ സംഗീത പരിപാടിയില്‍ സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിഡിയോയാണ് വിവാദമായത്. ചേര്‍പ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ പാറളം പഞ്ചായത്തിലെ വിദ്യാര്‍ഥികളുടെ പേരിലാണ് കേസ്.

റിയാലിറ്റി ഷോയിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നാണ് യൂ ട്യൂബ് ചാനലിലൂടെ ഇവര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായി മത്സരാര്‍ത്ഥികളില്‍ ഒരാളായ കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിലും ഇവര്‍ പോയി. എന്നാല്‍ രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് പറഞ്ഞതോടെ ഇവര്‍ വിഡിയോ ഡിലീറ്റ് ചെയ്തു.

തുടര്‍ന്ന് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ ഇട്ടിരുന്നു. എന്നാല്‍ ആദ്യത്തെ വിഡിയോ അഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിഡിയോയിലൂടെ ഇവര്‍ ചെയ്തതെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ എംജി ശ്രീകുമാര്‍ പറഞ്ഞത്. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തത്