താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി

താനാളൂർ: താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി. താനാളൂർ ആറാം വാർഡിൽ പരേതനായ സി എൻ മുഹമ്മദ് ഹാജിയുടെ കെട്ടിടമായ 110 വർഷം പഴക്കമുള്ള കോട്ടുവാലപീടിക പൊളിച്ചുമാറ്റുന്നതിനിടയിലാണ് പുരാതന ഇലകൾ കണ്ടെത്താനയത്. എലമംഗലം എന്നറിയപ്പെടുന്ന മരത്തിന്റെ ഇലയാണിതെന്ന് പറയപ്പെടുന്നു.1911 ലാണ് കെട്ടിടം നിർമ്മിച്ചത്. തട്ടിനു മുകളിൽ പലകകൾ വിരിച്ച ശേഷം ഈ ഇലകൾ വിരിക്കുകയും പിന്നീട് മണ്ണ് പരത്തുകയും ചെയ്യുന്ന പതിവ് ആദ്യകാലങ്ങളിലുണ്ടായിരുന്നു.മരത്തിന്റെ തട്ടു പലകകൾ ചിതൽ പിടിക്കാതിരിക്കുന്നതിന് അക്കാലത്തുണ്ടായിരുന്ന പ്രതിവിധിയാണിത്.നാലു മുറികളുള്ള കെട്ടിടത്തിന്റെ മുകൾഭാഗം പൂർണമായും ഈ ഇലകൾ കൊണ്ട് വിരിച്ച നിലയിലായിരുന്നു.കാലമിത്ര കഴിഞ്ഞിട്ടും ഇലകളുടെ പച്ച നിറത്തിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല.
പലരും ഈ പുരാതന ഇലകൾ അത്ഭുതത്തോടെ നോക്കി കാണുന്നു.