ചെലവുണ്ട്‌, ഇന്ന്‌ ഭയങ്കര ചെലവായിരിക്കും അവിടെ’; അവാർഡിന്റെ സന്തോഷത്തിൽ സുരാജ്‌ വെഞ്ഞാറമൂട്

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട്. ‘2019-ൽ നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. ആ സിനിമകളെല്ലാം ആള്‍ക്കാള്‍ കണ്ടു. അവര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിച്ചതിൽ അതിലേറെ സന്തോഷം. ഇതൊരു ഉത്തരവാദിത്തമാണ്’ – സുരാജ് പറഞ്ഞു.

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലേയും വികൃതിയിലേയും വേഷങ്ങള്‍ രണ്ടും വെല്ലുവിളി നിറഞ്ഞതായിരുന്നു. സിനിമയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഒത്തിരി നന്ദി. ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .– സുരാജ് വ്യക്തമാക്കി.

‘അംഗീകാരം ലഭിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍. ഇപ്പോള്‍ ഡിജോ ഒരുക്കുന്ന ‘ജനഗണമന’ എന്ന സിനിമയിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലായതുകൊണ്ട് ഇന്ന് അവിടെ ഭയങ്കര ചെലവായിരിക്കും.’–നര്‍മ്മം കലര്‍ന്ന രീതിയിൽ സുരാജ് പറഞ്ഞു.

2019-ൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഫൈനൽസ്, വികൃതി, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് സുരാജിന് ലഭിച്ചിരുന്നത്.