ജനങ്ങളെയും പോലീസിനെയും അടുപ്പിച്ച് താനൂർ സിഐ

താനൂർ; പേടിക്കാതെ ഇനി താനൂർ നിവാസികൾക്ക് പോലീസ് സ്‌റ്റേഷനിലേയ്ക്ക് പോകാം. ജനസൗഹൃദ പോലീസ് എന്ന വാക്കിനെ അർത്ഥപൂർണമാക്കുകയാണ് സിഐ പ്രമോദിന്റെ നേതൃത്വത്തിൽ താനൂർ പോലീസ്. പരാതിയുള്ളവർക്ക് ഒരാളുടെയും സഹായമോ ഇടപടലോയില്ലാതെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ചെയ്യാം. പരാതിക്കാർക്ക് ഭക്ഷണവും മരുന്നുമെല്ലാം ഒരുക്കിയാണ് താനൂർ പോലീസ് മാതൃകയാകുന്നത്. ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പരാതി നൽകിയവർക്ക് റസീപ്റ്റ് നൽകും. എഫ്‌ഐആറിന്റെ കോപ്പി അടക്കം നൽകി മാത്രമേ പരാതിക്കാരെ തിരികെ അയയ്ക്കൂ. ഇതോടെ ജനപങ്കാളിത്തത്തോടെയുള്ള പോലീസിന്റെ പ്രവർത്തനം താനൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വ്യാപകമായി. ക്രമസമാധാന പാലനം എന്നതിലപ്പുറം സാമൂഹിക പ്രതിബദ്ധത കൂടി പോലീസിന്റെ ബാധ്യതയെന്നു ബോധ്യപ്പെടുത്തുകയാണ് താനൂർ പോലീസ്.
പരിസര ശുചിത്വമാണ് താനൂർ പോലീസ് സ്‌റ്റേഷന്റെ പ്രത്യേകതകളിലൊന്ന്. പോലീസ് സ്‌റ്റേഷൻ പരിധിയിലാകെ നൈറ്റ് പട്രോളിങ് കാര്യക്ഷമമായി നടക്കുന്നതും കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായി. പോലീസുകാർക്ക് അമിത ജോലി നൽകുന്ന രീതിയും ഇവിടെയില്ല. ശാന്തമായി ജോലി ചെയ്യാനുള്ള സാഹചര്യവുമൊരുക്കിയിട്ടുണ്ട് സ്‌റ്റേഷനിൽ.
സ്‌റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പൂർണമായും പ്രതികളെ പിടിക്കാൻ കഴിഞ്ഞുവെന്നതാണ് മറ്റൊരു നേട്ടം. 14ഓളം കളവു കേസുകളും പിടിച്ചു പറിയും നടന്നതിൽ മുഴുവൻ പ്രതികളും അകത്തായി. ഒരു പരാതി ലഭിച്ചാൽ ഏറ്റവും മിനിമം സമയം കൊണ്ടു തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തണമെന്ന തീരുമാനം പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സിഐ. പരാതിക്കാരന്റെ പിടിപാട് നോക്കുന്ന രീതി പൂർണമായും ഒഴിവാക്കി. അഴിമതി പൂർണമായും അവസാനിപ്പിച്ചു. പുതിയൊരു പ്രൊഫഷണൽ പോലീസ് എന്ന സങ്കൽപ്പമാണ് ഇവിടെ യാഥാർഥ്യമായിരിക്കുന്നത്. ഒപ്പം ജനങ്ങളും സാമൂഹിക ബോധമുള്ളവരായി മാറിയിട്ടുണ്ടെന്നും സിഐ പറഞ്ഞു. കേസുകളിൽ പോലീസിനെ സഹായിക്കുന്നതിന് ജനങ്ങൾ സജീവമായി രംഗത്തെത്തിയതും മാറ്റത്തിന് മാറ്റ് കൂട്ടി