ശബരിമല തുലാമാസ പൂജ: കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, പ്രതിദിനം 250 ഭക്തര്‍ക്ക് പ്രവേശനം;


തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ഭക്തർക്ക് മാത്രമേ ശബരിമലയിൽ തുലാമാസ ദർശനത്തിന് അനുമതി നൽകുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേനത്തിൽ അറിയിച്ചു. മലകയാറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. വെർച്വൽ ക്യൂ സംവിധാനം വഴി രജിസ്റ്റർ ചെയ്ത 250 ഭക്തർക്കാണ് ഒരു ദിവസം ദർശനം നൽകുക. ദർശനത്തിന് എത്തുന്നതിന് തൊട്ടുമുൻപുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഭക്തർ ഹാജരാക്കേണ്ടത്.

പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുവാദമുള്ളത്. വെർച്വൽ ക്യൂവിലൂടെ നടന്ന ബുക്കിങ്ങിൽ സമയവും തീയതിയും അുവദിച്ചിട്ടുണ്ട്. ആ സമയക്രമീകരണം പാലിക്കണം. ദർശനത്തിനെത്തുന്നവർ എല്ലാ വിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും കർശനമായി പാലിക്കണം. സാനിറ്റൈസർ, മാസ്ക്, കൈയ്യുറകൾ എന്നിവ കരുതുകയും യഥാവിധി ഉപയോഗിക്കുയും ചെയ്യണം. മലകയറുമ്പോൾ മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടായാതിനാൽ ആവശ്യമെങ്കിൽ മാസ്ക് ഒഴിവാക്കാം. ബാക്കി എല്ലാ സമയങ്ങളിലും മാസ്ക് ധരിക്കണം. ഭക്തർ കൂട്ടം ചേർന്ന് സഞ്ചരിക്കാൻ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദർശനത്തിനെത്താവൂ.

നിലക്കൽ, പമ്പ. സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി. ഇവിടേക്കുള്ള പാരാമെഡിക്കൽ സ്റ്റാഫിനെ നിയമിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ പമ്പ ത്രിവേണിയിൽ സ്നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകൾ സജീകരിച്ചിട്ടുണ്ട്.

വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബാക്കി എല്ലാ വഴികളും അടച്ചിരിക്കുകയാണ്. പോലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ദർശനം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആവശ്യത്തിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.