മുംബൈയുടെ അശ്വമേധത്തിന് കടിഞ്ഞാൺ; ആവേശപ്പോരിൽ പഞ്ചാബിനു ജയം

മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ആവേശജയം. ഇരട്ട സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്. 77 റൺസെടുത്ത ലോകേഷ് രാഹുൽ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മിന്നൽ തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. ട്രെൻ്റ് ബോൾട്ടിനെ കടന്നാക്രമിച്ച ലോകേഷ് രാഹുൽ അഗർവാളിനൊപ്പം ചേർന്ന് പഞ്ചാബിൻ്റെ ചേസിന് പോസിറ്റീവ് തുടക്കമിട്ടു. 33 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. മായങ്ക് അഗർവാൾ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകരുന്നത്. അഗർവാളിനെ (11) ബുംറ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

മൂന്നാം നമ്പറിലെത്തിയ ക്രിസ് ഗെയിൽ സിക്സർ അടിച്ചാണ് തുടങ്ങിയത്. രാഹുലും കൂടി താളം കണ്ടെത്തിയതോടെ പഞ്ചാബിൻ്റെ സ്കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. ഒടുവിൽ ഗെയിലിനെ (24) ബോൾട്ടിൻ്റെ കൈകളിലെത്തിച്ച രാഹുൽ ചഹാർ ഈ കൂട്ടുകെട്ട് തകർത്തു. നാലാം നമ്പറിലെത്തിയ നിക്കോളാസ് പൂരാൻ കൂറ്റൻ ഷോട്ടുകളുമായി വിസ്ഫോടനം സൃഷ്ടിച്ചാണ് തുടങ്ങിയത്. ശരവേഗത്തിൽ സ്കോർ ചെയ്ത പൂരാനെ തളയ്ക്കാൻ ഒടുവിൽ ബുംറ വേണ്ടി വന്നു. 12 പന്തുകളിൽ 24 റൺസെടുത്ത പൂരാനെ കോൾട്ടർനൈൽ കൈപ്പിടിയിലൊതുക്കി. മാക്സ്‌വൽ (0) വേഗം മടങ്ങി. ഓസീസ് താരത്തെ രാഹുൽ ചഹാറിൻ്റെ പന്തിൽ രോഹിത് ശർമ്മ പിടികൂടി.

അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ ദീപക് ഹൂഡയുമായി ചേർന്ന് രാഹുൽ മുംബൈ പാളയത്തിലേക്ക് പട നയിക്കാൻ തുടങ്ങി. 18ആം ഓവറിൽ ലോകേഷ് രാഹുലിനെ ക്ലീൻ ബൗൾഡാക്കിയ ബുംറ വീണ്ടും മുംബൈക്ക് ജീവശ്വാസം നൽകി. 51 പന്തുകളിൽ 77 റൺസ് നേടിയാണ് രാഹുൽ പുറത്തായത്.

ആറാം വിക്കറ്റിൽ ദീപക് ഹൂഡ-ക്രിസ് ജോർഡൻ സഖ്യം ഒത്തുചേർന്നു. 18ആം ഓവറിൽ ബുംറ നാല് ഓവർ ഫിനിഷ് ചെയ്തപ്പോൾ പഞ്ചാബിന് രണ്ട് ഓവറിൽ വിജയിക്കാൻ 22 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. കോൾട്ടർനൈൽ എറിഞ്ഞ 19ആം ഓവറിൽ 13 റൺസ് പിറന്നു. അവസാന ഓവർ എറിഞ്ഞത് ട്രെൻ്റ് ബോൾട്ട്. ആ ഓവറിൽ 9 റൺസ് ആയിരുന്നു വിജയലക്ഷ്യം. കിംഗ്സ് ഇലവന് 8 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ ഡബിൾ ഓടാൻ ശ്രമിച്ച ക്രിസ് ജോർഡൻ (13) റണ്ണൗട്ടായി. ദീപക് ഹൂഡ (23) പുറത്താവാതെ നിന്നു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി ലോകേഷ് രാഹുലും നിക്കോളാസ് പൂരാനും കളത്തിലിറങ്ങി. ജസ്പ്രീത് ബുംറയാണ് പന്തെറിഞ്ഞത്. ആദ്യ പന്തിൽ രാഹുൽ സിംഗിൾ ഇട്ടു. രണ്ടാം പന്തിൽ പൂരാനെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ അനുകുൾ റോയ് പിടികൂടി. ദീപക് ഹൂഡയാണ് അടുത്തതായി ക്രീസിലെത്തിയത്. മൂന്നാമത്തെയും നാലാമത്തെയും പന്തുകളിൽ രാഹുലും ഹൂഡയും ഓരോ സിംഗിൾ വീതം ഇട്ടു. അഞ്ചാം പന്തിൽ രാഹുൽ വക ഡബിൾ. അവസാന പന്തിൽ രാഹുലിനെ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി.

സൂപ്പർ ഓവറിൽ 6 റൺസ് ആയിരുന്നു മുംബൈയുടെ ലക്ഷ്യം. മുഹമ്മദ് ഷമി ആണ് പഞ്ചാബിനായി പന്തെറിഞ്ഞത്. രോഹിതും ഡികോക്കും മുംബൈക്കായി ഇറങ്ങി. ആദ്യ 3 പന്തുകളിൽ സിംഗിളുകൾ. നാലാം പന്തിൽ രോഹിത് ഒരു പന്ത് ഡോട്ട് ആക്കി. അഞ്ചാം പന്തിൽ വീണ്ടും ഒരു സിംഗിൾ. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് 2 റൺസ്. രണ്ടാം റണ്ണിനോടിയ ഡികോക്ക് റണ്ണൗട്ടായതോടെ വീണ്ടും സൂപ്പർ ഓവർ.

രണ്ടാം സൂപ്പർ ഓവറിൽ ഹർദ്ദിക് പാണ്ഡ്യയും പൊള്ളാർഡും ബാറ്റ് ചെയ്യാനെത്തി. ക്രിസ് ജോർഡൻ ആണ് പന്തെറിഞ്ഞത്. സൂപ്പർ ഓവറിൽ പുറത്തായ ബാറ്റ്സ്മാന് വീണ്ടും ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് എംസിസി നിയമാവലിയിൽ പറയുമ്പോൾ ആദ്യ സൂപ്പർ ഓവറിൽ പങ്കെടുത്ത ആറ് താരങ്ങൾക്ക് രണ്ടാം സൂപ്പർ ഓവറിൽ പങ്കെടുക്കാനാവില്ലെന്ന് ഐപിഎൽ ട്വീറ്റ് ചെയ്തത് വിവാദങ്ങളും സൃഷ്ടിച്ചു.

ആദ്യ പന്തിൽ പൊള്ളാർഡ് സിംഗിൾ ഇട്ടു. രണ്ടാം പന്ത് വൈഡ്. അടുത്ത പന്തിൽ പാണ്ഡ്യ സിംഗിൾ ഇട്ടു. മൂന്നാം പന്തിൽ പൊള്ളാർഡ് ബൗണ്ടറി നേടി. അടുത്ത പന്തിൽ വീണ്ടും വൈഡ്. നാലാം പന്തിൽ ഡബിളിനു ശ്രമിച്ച ഹർദ്ദിക് റണ്ണൗട്ടായി. സൂര്യകുമാർ യാദവ് ആണ് അടുത്തതായി ബാറ്റ് ചെയ്യാൻ എത്തിയത്. അഞ്ചാം പന്ത് ഡോട്ട് ബോൾ. അവസാന പന്തിൽ ഡബിൾ. ബൗണ്ടറിക്കപ്പുറത്തേക്ക് കുതിച്ച പന്ത് മായങ്ക് അഗർവാൾ അക്ഷരാർത്ഥത്തിൽ പറന്ന് ഗ്രൗണ്ടിലേക്ക് തിരികെയിട്ട് പഞ്ചാബിനു വേണ്ടി 4 റൺസാണ് ആ പന്തിൽ സേവ് ചെയ്തത്.

ട്രെൻ്റ് ബോൾട്ട് മുംബൈക്കായി പന്തെറിഞ്ഞപ്പോൾ മായങ്ക് അഗർവാളും ക്രിസ് ഗെയിലും കിംഗ്സ് ഇലവനു വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങി. ആദ്യ പന്ത് തന്നെ ക്രിസ് ഗെയിൽ സിക്സർ നേടി. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ അഗർവാൾ ബൗണ്ടറി കണ്ടെത്തി. അടുത്ത പന്തിൽ രണ്ടാമതൊരു ബൗണ്ടറി കൂടി നേടി അഗർവാൾ പഞ്ചാബിനെ വിജയിപ്പിച്ചു.