നവീകരിച്ച കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് 22ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

മലപ്പുറം : ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നു. നവീകരിച്ച ടൂറിസം പാര്‍ക്കിന്റെ ഉദ്ഘാടനം (ഒക്ടോബര്‍ 22) മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. രണ്ടു കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് കോട്ടക്കുന്നില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

മിറാക്കിള്‍ ഗാര്‍ഡനാണ് ഏറെ ആകര്‍ഷണീയം. വ്യത്യസ്തങ്ങളായ പൂച്ചെടികള്‍, ഡ്രിപ്പ് ഇറിഗേഷന്‍, സൈക്കിള്‍ ട്രാക്ക്, പാര്‍ട്ടി ഡക്ക്, ലാന്‍ഡ്‌സ്‌കേപ്പിങ് തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന നിര്‍മിതി കേന്ദ്രക്കാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ചുമതല.

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ പി.ഉബൈദുള്ള, പി.വി.അന്‍വര്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല ടീച്ചര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.പത്മകുമാര്‍, ഡി.ടി.പി.സി ജില്ലാ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.