തെരുവില്‍ അഴിഞ്ഞാടിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു
രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അടിമുടി ലംഘിച്ച് തെരുവില്‍ അഴിഞ്ഞാടിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് വ്യാപന നിരക്കുള്ള മലപ്പുറത്താണ് നിരോധനാജ്ഞ ലംഘിച്ച് ഒരു നിയന്ത്രണങ്ങളുമില്ലാതെ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
എംപി സ്വന്തം മണ്ഡലം സന്ദര്‍ശിക്കുന്നതിന്റെ പേരിലായിരുന്നു ഈ പേക്കൂത്ത്. ലീഗ് ജില്ലാ നേതൃത്വം കൊട്ടിഘോഷിച്ച് ‘അതിജീവനം കോവിഡ് മോചനത്തിന്, മുസ്ലിംലീഗ് കൈത്താങ്ങ്’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്ന സമയത്തുതന്നെയാണ് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ അട്ടിമറിച്ചത്.
പ്രതിപക്ഷ നേതാവിന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടങ്ങിയ ആള്‍ക്കൂട്ടം അരീക്കോടുവരെ നീണ്ടു. എംഎല്‍എമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികളും ഉത്തരവാദപ്പെട്ട യുഡിഎഫ് നേതാക്കളുമാണ് ഇതിന് നേതൃത്വം നല്‍കിയത് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. പൊലീസിന്റെ നിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിച്ചു. പലയിടത്തും നട്ടുച്ചയ്ക്ക് പന്തംകൊളുത്തിയാണ് പ്രവര്‍ത്തകര്‍ എംപിയെ വരവേറ്റത്.
പൊതുജനത്തിന്റെ ജീവന്‍കൊണ്ട് പന്താടുന്ന ജില്ലയിലെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതൃത്വത്തിനെതിരെ ബഹുജനങ്ങള്‍ അണിനിരക്കണം. ഈ തീക്കളി അവസാനിപ്പിക്കാന്‍ ലീഗ്– കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. കോവിഡ് മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ച യുഡിഎഫ് നേതാക്കള്‍ക്കും അണികള്‍ക്കുമെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണസംവിധാനവും പൊലീസും സന്നദ്ധമാകണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.