ബാംഗ്ലൂർ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്:കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തി

ദുബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സീസണിലെ എഴാം വിജയം സ്വന്തമാക്കി. 85 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഈ വിജയത്തോടെ 10 കളികളിൽ നിന്നും 14 പോയന്റുകൾ നേടി ബാംഗ്ലൂർ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

തകർപ്പൻ പ്രകടനം പുറത്തെടുത്ത ബാംഗ്ലൂർ ബൗളർമാർക്ക് അവകാശപ്പെട്ടതാണ് ഈ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് എടുത്തത്. തകർപ്പൻ പ്രകടനം പുറത്തെടുത്ത ബാംഗ്ലൂർ ബൗളർമാരാണ് കൊൽക്കത്തയെ ഇത്രയും ചെറിയ സ്കോറിന് ഒതുക്കിയത്.

ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ ടോട്ടലാണിത്. ഓൾ ഔട്ട് ആകാതെ ഒരു ടീം ഐ.പി.എല്ലിൽ നേടുന്ന ഏറ്റവും ചെറിയ സ്കോർ എന്ന നാണംകെട്ട റെക്കോഡും ഈ മത്സരത്തിലൂടെ കൊൽക്കത്തയ്ക്ക് സ്വന്തമായി. പേരുകേട്ട കൊൽക്കത്തയുടെ ബാറ്റിങ് നിരയ്ക്ക് ഒരിക്കൽ പോലും തിളങ്ങാനായില്ല. 34 പന്തുകളിൽ നിന്നും 30 റൺസെടുത്ത ക്യാപ്റ്റൻ മോർഗൻ മാത്രമാണ് നാണംകെട്ട സ്കോർ നേടുന്നതിൽ നിന്നും കൊൽക്കത്തയെ തടഞ്ഞത്.