സംസ്ഥാനത്ത് ഉളളിയുടെ വിലപിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ
സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് സവാള ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടമെന്ന നിലയിൽ നാളെയും മറ്റന്നാളുമായി 50 ടൺ സവാള സംസ്ഥാനത്ത് എത്തും.
കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം സാധാരണക്കാരന് ഇരട്ട പ്രഹരമായ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര വിപണി ഇടപെടൽ. നാഫെഡിൽ നിന്ന് കുറഞ്ഞ വിലക്ക് സവാള സംഭരിച്ച്, ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും വിപണിയുടെ പകുതി വിലക്ക് വിൽപ്പന നടത്താനാണ് ആലോചന. രണ്ടു ഘട്ടമായി 100 ടൺ സവാള സംസ്ഥാനത്ത് എത്തും. 25 ടൺ നാളെത്തന്നെ എത്തും
ഓരോ ദിവസവും പത്തുരൂപയിൽ അധികമാണ് സവാളക്കും ഉള്ളിക്കും വില വർധിക്കുന്നത്. ഈ വർഷത്തിന്റെ ആരംഭത്തിൽ സവാള വില കുതിച്ചുയർന്നപ്പോഴും നാഫെഡിൽ നിന്ന് സവാള ശേഖരിച്ചാണ് സംസ്ഥാനം പ്രതിസന്ധി മറികടന്നത്