കൃഷി ഭവൻ സൗജന്യമായി വിത്ത് നൽകി:ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മകാർഷിക
താനൂർ: താനൂർ മുക്കോലയിൽ ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മകാർഷിക മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് താനൂർ മുക്കോലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സഹായത്തോടെ യുവാക്കളുടെ ജൈവ കൂട്ടുകൃഷി. താനൂർ മുക്കോലയിലെ പരിയാപുരം വില്ലേജ് ഓഫീസിന് സമീപം തരിശു ഭൂമിയിലെ രണ്ടേക്കറിൽ അക്ഷയശ്രീ കൂട്ടായ്മ അംഗങ്ങളാണ് നെൽകൃഷിയിറക്കിയിരി ക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമി പാട്ടത്തിനെടുത്താണ് നെൽകൃഷി. നിലമൊരുക്കി ഞാർ നട്ട് പരിപാലനം തുടങ്ങിയ യുവാക്കൾ സുഭിക്ഷ കേരളം പദ്ധതി ആനുകൂല്യത്തിനായി താനൂർ നഗരസഭയിൽ അപേക്ഷ നൽകിയിട്ടുണ്ട്. താനൂർ കൃഷിഭവൻ സൗജന്യമായി നൽകിയ 55 കിലോ നെൽ വിത്താണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. ട്രാക്ടർ ഉപയേഗിച്ചതിനും മറ്റുമായി 50000 രൂപയോളം കൃഷിക്കായി ഇതിനകം ചെലവ് വന്നതായി കൂട്ടായ്മ സെക്രട്ടറി കെ ഉദയകുമാറും പ്രസിഡന്റ് സി പി ഷിജുവും പറഞ്ഞു. അംഗങ്ങളിൽ 10 പേർ കൽപ്പണിക്കാരും ഒരാൾ അധ്യാപകനുമാണ്. സർക്കാർ സഹായത്തോടെ നെൽകൃഷിയ്ക്ക് പുറമെ താറാവ് ഫാമും കൂടു മത്സ്യ കൃഷിയും ഒത്തൊരുമിച്ച് നടത്തുന്നുണ്ട് ഈ കൂട്ടായ്മയിലുള്ളവർ. ഓരോ ദിവസവും നിശ്ചിത അംഗങ്ങൾക്കാണ് പരിപാലന ചുമതല.