ജില്ലയിൽ വീണ്ടും കോവിഡ്‌ ബാധിതരുടെ എണ്ണം ആയിരം കടന്നു, ഇന്ന് ജില്ലയില്‍ സ്ഥിരീകരിച്ചത് 1,375 പേര്‍ക്ക്:324 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,303 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 64 പേര്‍
അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 11,559 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 55,329 പേര്‍

മലപ്പുറം ജില്ലയില്‍ വീണ്ടും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ഇന്ന് (ഒക്ടോബര്‍ 23) 1,375 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 1,303 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് ആശങ്കാജനകമാണെന്നും രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗം ബാധിച്ചത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരായവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശ രാജ്യത്ത് നിന്നെത്തിയതുമാണ്. അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം 324 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. ഇതുവരെ 34,429 പേരാണ് ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

55,329 പേര്‍ നിരീക്ഷണത്തില്‍

55,329 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 11,559 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 457 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,105 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,42,598 സാമ്പിളുകളില്‍ 4,070 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 202 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.