സി.ബി.ഐയെ വിലക്കാൻ തടസമില്ലെന്ന നിയമോപദേശം കിട്ടിയതോടെ സർക്കാർ തീരുമാനം ഇന്നോ നാളയോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നതിൽ നിന്ന് സി.ബി.ഐയെ വിലക്കാൻ തടസമില്ലെന്ന നിയമോപദേശം കിട്ടിയതോടെ സർക്കാർ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകുമെന്നാണ് സി.പി.എം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സി.പി.ഐയുമാണ് സർക്കാർ അനുവാദമില്ലാതെ അന്വേഷണത്തിനെത്തിയാൽ സി.ബി.ഐയെ വിലക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. വിലക്കിന് നിയമ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ ഇനി ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്. 2017ലാണ് കേസുകൾ സ്വമേധായ ഏറ്റെടുക്കാനുളള പൊതു സമ്മതപത്രം സി.ബി.ഐക്ക് സർക്കാർ അവസാനമായി നൽകിയത്. വിലക്ക് വന്നാൽ പുതുതായി വരുന്ന കേസുകൾക്ക് സി.ബി.ഐ പ്രത്യേക അനുവാദം വാങ്ങേണ്ടി വരും. സർക്കാർ എതിർത്താൽ അന്വേഷണത്തിനായി സി.ബി.ഐക്ക് കോടതിയെ സമീപിക്കേണ്ടി വരും.

സംസ്ഥാനം സി.ബി.ഐക്ക് നൽകിയിട്ടുളള പൊതു സമ്മതപത്രം റദ്ദാക്കാൻ പ്രത്യേക നിയമ നിർമ്മാണം വേണ്ടെന്നും ,മന്ത്രിസഭ തീരുമാനിച്ചാൽ മതിയെന്നുമാണ് എ.ജിയും ഡയറക്‌ടർ ജനറൽ പ്രോസിക്യൂഷനും നൽകിയിരിക്കുന്ന നിയമോപദേശം. എന്നാൽ കോടതിയുടെ ഇടപെടലിൽ സി.ബി.ഐ എത്തിയാൽ വിലക്ക് ഏർപ്പെടുത്തിയാലും തടയാനാകില്ല.സി.ബി.ഐയെ വിലക്കണമെന്ന നിലപാടിലേക്ക് നയിച്ച ലൈഫ് മിഷൻ അന്വേഷണം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിൽ വിലക്കിലേക്ക് സംസ്ഥാനം കടന്നാൽ നിയമ യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നും സർക്കാർ ഭയപ്പെടുന്നുണ്ട്.