കെ എൽ എൺപത്തിനാല് പ്രവർത്തനം ആരംഭിച്ചു

മോട്ടോർ വാഹന വകുപ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് കൊണ്ടോട്ടിയിൽ ഗതാഗത വകുപ്പ് മന്ത്രി. എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. വകുപ്പില്‍ നിന്നും 34 ലക്ഷം ചെലവഴിച്ച് ഓഫീസ് സൗകര്യങ്ങളൊരുക്കി കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, അരീക്കോട്, വെറ്റിലപ്പാറ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി എന്നി വില്ലേജുകളാണ് കൊണ്ടോട്ടി സബ് ആര്‍. ടി. ഓഫീസിന് പരിധിയില്‍ വരുന്നത്. ഈ പ്രദേശങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തുടങ്ങി എല്ലാ സേവനങ്ങളും ഈ ഓഫീസിന് കീഴില്‍ വന്നു. ഒരു ജോയിന്റ് ആര്‍. ടി. ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു സൂപ്രണ്ട്, മൂന്നു ക്ലാര്‍ക്ക് തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.