നഗരസഭ 450 സ്‌നേഹ ഭവനങ്ങൾ കൈമാറി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളില്‍ 600 എസ്. സി. കുടുബങ്ങള്‍ക്ക് നഗരസഭ നിര്‍മിച്ചു കൈമാറുന്ന ഭവനങ്ങളില്‍ പണി പൂര്‍ത്തിയായ 450 ഭവനങ്ങളുടെ കൈമാറ്റം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് എസ്.സി.മ്പൂര്‍ണ്ണ ഭവന പദ്ധതി തയ്യാറാക്കിയത്.എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ്മിഷന്‍ പദ്ധതിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഭവനരംഗത്ത് നൂതനമായ വികസനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പെരിന്തല്‍മണ്ണ നഗരസഭ തീര്‍ത്തത്. 2004 കുടുംബങ്ങളുടെ ഭവന സ്വപ്നത്തിന് നിറംചാര്‍ത്തുക വഴി ഭവനരംഗത്തെ പുതിയ വികസനമാതൃകയാണ് നഗരസഭ പൂര്‍ത്തിയാക്കിയത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത 137 കോടി രൂപയുടെ ഭവനപദ്ധതിക്കാണ് ഈ ഭരണ കാലയളവില്‍ നഗരസഭ നേതൃത്വം നല്‍കിയത്.എസ്.സി ഭവനങ്ങള്‍ നവീനമാതൃകയില്‍ പുനര്‍നിര്‍മിക്കാന്‍ സ്നേഹഭവനം എന്ന പദ്ധതിക്ക് നഗരസഭ നേതൃത്വം നല്‍കി. അതു പ്രകാരം 600 ഭവനങ്ങളാണ് 42 കോടി ചെലവ് വരുന്ന ഈ പദ്ധതി വഴി നഗരസഭ നിര്‍മിച്ചു നല്‍കിയത്.എസ്.സി കോളനിയിലെ പിന്നോക്കാവസ്ഥ കാരണം ആധുനികരീതിയിലുള്ള ഭവന നിര്‍മാണത്തിനുള്ള സാങ്കേതികവും – സാമ്പത്തികവുമായ നൈപുണ്യക്കുറവ് പരിഹരിക്കാനായി നഗരസഭാ തലത്തില്‍ രൂപീകരിച്ച കുടുംബശ്രീ സംരംഭക ഗ്രൂപ്പായ മാലാഖ സൊല്യൂഷനാണ് ഭവനങ്ങളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. നഗരസഭയില്‍ നിന്നും നല്‍കുന്ന ലൈഫ് മിഷന്‍ വിഹിതമായ നാലുലക്ഷം, തൊഴിലുറപ്പ് വിഹിതമായ 25000 രൂപ, ശുചിത്വമിഷന്‍ വിഹിതമായ 15,000 രൂപ എന്നിവയടക്കം 4.40 ലക്ഷം രൂപ ചെലവിലാണ് നഗരസഭ ഭവനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.നാലുലക്ഷത്തി നാല്‍പതിനായിരം രൂപയില്‍ 500 സ്‌ക്വയര്‍ ഫീറ്റ് ഭവനമാണ് ഗ്രൂപ്പ് നിര്‍മിച്ച് നല്‍കുന്നത്. 600 സ്‌ക്വയര്‍ ഫീറ്റ് വീട് വേണ്ടവര്‍ ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം രൂപ കൂടി സംരംഭക ഗ്രൂപ്പിന് നല്‍കണം. ഭവന നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഒന്നിച്ച് കരാറാക്കി വാങ്ങുന്നതിലൂടെ ലഭിക്കുന്ന ഇളവുകള്‍ ഗുണഭോക്താക്കള്‍ ക്കിടയില്‍ വീതിക്കുന്നതിലൂടെയാണ് കുടുംബശ്രീ സംരംഭക ഗ്രൂപ്പിന് ഇത്രയും ചെലവ് കുറച്ച് ഭവന നിര്‍മ്മാണം നടത്താന്‍ കഴിയുന്നത്. എസ്.സി കോളനികളുടെ മുഖച്ഛായ തന്നെ മാറുന്ന പുതുമോ ടിയോടു കൂടിയുള്ള ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ ലൈഫ് മിഷന്റെയും നഗരസഭയുടെയും കുടുംബശ്രീയുടെയും ചരിത്രത്തിലെ മുന്നേറ്റമാണ് സാധ്യമാകുന്നത്. 2019 ജനുവരിയിലാണ് 600 ഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. അതില്‍ 450 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ള 150 വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.