നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീന മാതൃകയില്‍ നിര്‍മിച്ച നഗരസഭ ഓഫീസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്തി എ.സി. മൊയ്തീന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

പെരിന്തല്‍മണ്ണ: നഗരസഭ ഉടമസ്ഥതയിലുള്ള ആര്‍.എന്‍. മനഴി ബസ്റ്റാന്റിന്റെ മൂന്ന് നിലകളിലായി ഹൈടെക് സൗകര്യങ്ങളോടെ 45000 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഓഫീസിലെത്തുന്നവര്‍ക്കെല്ലാം ഇരുന്ന് സേവനം നേടാനും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മികച്ച അന്തരീക്ഷവും സൗകര്യവുമൊരുക്കിയുള്ള ഓഫീസ് ഒന്‍പത് കോടി രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആര്‍.എന്‍ മനഴി ബസ്റ്റാന്റിന്റെ നിലവിലുള്ള ഒന്നും രണ്ടും നിലകള്‍ സമ്പൂര്‍ണ്ണമായി നവീകരിച്ചും മൂന്നാമത്തെ നില പണിതുമാണ് അത്യാധുനിക ഓഫീസ് സമുച്ചയം നിര്‍മിച്ചത്.നിലവിലുള്ള നഗരസഭാ ഓഫീസിന് കാലപ്പഴക്കം ചെന്നതിനാലാണ് പുതിയ ഓഫീസ് നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. താഴെ നിലയില്‍ പ്രവേശിക്കുന്ന സ്ഥലത്ത് വിശാലമായ റിസപ്ഷന്‍ കൗണ്ടറും ഹെല്‍പ്പ് ഡസ്‌ക്കും, ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് കൗണ്ടറുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ ഇരിപ്പടങ്ങളോടുകൂടി ഫോറങ്ങള്‍ പൂരിപ്പിക്കാനുള്ള സൗകര്യവും, കുടിവെള്ളം, പത്രം, ടി.വി, എ.സി, ടോയ്‌ലെറ്റ്, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാനും തൊട്ടിലില്‍ കിടത്താനുമുള്ള സൗകര്യങ്ങളുമാണ് ഫ്രണ്ട് ഓഫീസില്‍ സജ്ജമാക്കിയിരിക്കുന്നത്. ഹെല്‍ത്ത്, റവന്യു, ജനറല്‍ വിഭാഗം, ജീവനക്കാര്‍ക്കായുള്ള റിഫ്രഷിങ്് റൂമുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഒന്നാം നിലയിലുണ്ട്. രണ്ടാം നിലയില്‍ എഞ്ചിനിയറിങ് വിഭാഗം, ചെയര്‍മാന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി എന്നിവരുടെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും, മിനി ഓഡിറ്റോറിയം, സ്റ്റോറും, രണ്ടും മൂന്നും നിലകള്‍ ഉപയോഗിച്ച് അത്യാധുനിക കൗണ്‍സില്‍ ഹാളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്യാലറിയിലിരുന്നു കൗണ്‍സില്‍ നടപടികള്‍ വീക്ഷിക്കാവുന്ന തരത്തിലാണ് കൗണ്‍സില്‍ ഹാള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മൂന്നാം നിലയില്‍ വിശാലമായ റിക്കാര്‍ഡ് റൂമും നിര്‍മിച്ചിട്ടുണ്ട്.എല്ലാ സെക്ഷനുകളും ജനസൗഹൃദ മാക്കാന്‍ ലോബി, ഇരിപ്പിടം കുടിവെള്ളം, എല്ലാ ഉദ്യോഗസ്ഥരുടെ സീറ്റിന് മുന്നിലും ബഹുജനങ്ങള്‍ക്ക് ഇരിപ്പിടം, ഇലക്ട്രോണിക്ക് ടോക്കണ്‍ സിസ്റ്റം എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകര്‍ഷണീയമായ ഫര്‍ണീച്ചര്‍ സംവിധാനം, മതിയായ ടോയ്‌ലറ്റ്, വെള്ളം, ലിഫ്റ്റ്, എ.സി, സി.സി.ടി.വി, സെക്യൂരിറ്റി പാര്‍ക്കിങ്ങ് എന്നീ സൗകര്യങ്ങളും പുതിയ ഓഫീസില്‍ സജ്ജമാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക് കമ്പനി എ.യു.എസ് കണ്‍സോര്‍ഷ്യമാണ് രൂപരേഖ തയ്യാറാക്കിയത്. 2019 ഒക്‌ടോബര്‍ എട്ടിനാണ് ഓഫീസ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്.പെരിന്തല്‍മണ്ണ നഗരസഭയുടെ ആദ്യ വൈസ് ചെയര്‍മാന്‍ ആര്‍.എന്‍. മനഴിയുടെ നാമഥേയമാണ് ഓഫീസ് കോംപ്ലക്‌സിനു നല്‍കിയിട്ടുള്ളത്.