ബിനീഷ് കോടിയേരി അറസ്റ്റ് :

അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും. മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചന.

കൊച്ചി:ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും എത്തുന്നു. സ്വർണക്കടത്തിൽ ഉൾപ്പെട്ട ചിലർക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന വിവരം.

മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം ഇവിടേക്കു വ്യാപിപ്പിക്കുന്നത്. മലയാള സിനിമാരംഗത്ത് നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകൾ നർകോട്ടിക്സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണു സൂചന. ഇവരിലാർക്കെങ്കിലും അനൂപുമായി ബന്ധമുണ്ടായിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്.

ലോക്ഡൗൺ കാലത്താണ് അനൂപിന്റെ നേതൃത്വത്തിൽ സിനിമാ മേഖലയിലേക്ക് കൂടുതൽ ലഹരി ഒഴുകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കന്നഡ സിനിമാ മേഖലയിൽ നടൻമാരെക്കാൾ കൂടുതൽ നടിമാരാണ് ഇവരുടെ വലയിൽ പെട്ടിരുന്നത്. സമാന രീതിയിൽ മലയാള സിനിമാ രംഗത്ത് ലഹരി സംഘത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരം. കളിപ്പാവകൾ ഉൾപ്പെടെയുള്ള സമ്മാനപ്പൊതികളിലൂടെയാണ് കന്നഡ സിനിമാ രംഗത്തുള്ളവർക്കു സംഘം ലഹരിയെത്തിച്ചിരുന്നത്.