ഐ-ഫോൺ ലഭിച്ചതിൽ ശിവശങ്കറും;
ഫോൺ സ്വപ്‌നയിൽ നിന്നും സ്വീകരിച്ചത് ലൈഫ് മിഷൻ ക്രമക്കേടിലെ അന്വേഷണം ശിവശങ്കറിലെത്തുന്നതിനും കാരണമായോക്കും.
കൊച്ചി: വില ഒരു ലക്ഷത്തോളം യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈകൂലിയായി സ്വപ്‌ന സുരേഷിന് നൽകിയ അഞ്ച് ഐ-ഫോണുകളിലൊന്ന് എം.ശിവശങ്കറിന്‍റെ പക്കലും. ഉപയോഗിക്കുന്ന ഫോണുകൾ സംബന്ധിച്ച് ഇ.ഡിക്ക് ശിവശങ്കർ നൽകിയ വിവരത്തിലാണ് യൂണിടാക് നൽകിയ ഫോണുകളിലൊന്ന് ഉൾപ്പെട്ടത്. രണ്ടു ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകളാണ് ശിവശങ്കർ ഇ.ഡിക്ക് നൽകിയത്. അതിലൊരു ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പറും യൂണിടാക്ക് കോടതിയിൽ സമർപ്പിച്ചതും ഒന്നുതന്നെയാണ്.
ഒരു ലക്ഷത്തോളം രൂപയാണ് ഈ ഫോണിന്‍റെ വില. സന്തോഷ് ഈപ്പൻ നൽകിയ അഞ്ച് ഫോണുകളിൽ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നും രേഖകൾ വ്യക്തമാക്കുന്നു. സിബിഐ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയോടൊപ്പം ആറ് ഐ-ഫോണുകളുടെ ഇൻവോയിസും യൂണിടാക് ഹൈക്കോടതിയിൽ നൽകിയിരുന്നു.സ്വപ്‌ന വഴി യൂണിടാക് കൈമാറിയ ഐ-ഫോണുകൾ ലഭിച്ചവരെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതിലൊരു ഫോൺ നൽകിയിരുന്നുവെന്ന് സന്തോഷ് ഈപ്പൻ സത്യവാങ്ങ്മൂലം നൽകിയത് വിവാദമായിരുന്നു. ലൈഫ് മിഷനു വേണ്ടി ഭവന നിർമാണത്തിന് പുറമെ മറ്റ് പ്രൊജക്‌ടുകളും ലഭിക്കുന്നതിനാണ് സ്വപ്‌നയ്ക്ക് ഫോൺ നൽകിയതെന്ന് സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിൽ പറയുന്നു. ഫോൺ സ്വീകരിച്ചത് പുറത്തുവന്നതിനാൽ ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും സാധ്യതയുണ്ട്. ഫോൺ സ്വപ്‌നയിൽ നിന്നും സ്വീകരിച്ചത് ലൈഫ് മിഷൻ ക്രമക്കേടിലെ അന്വേഷണം ശിവശങ്കറിലെത്തുന്നതിനും കാരണമായോക്കും.