നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം;

ചെറുകിട ഭക്ഷ്യ ഉല്പാദകര്‍ക്കും കച്ചവടക്കാര്‍ക്കും ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

മലപ്പുറം: കച്ചവടക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം എന്ന പേരില്‍ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ ലേബലില്‍ ആവശ്യം ഉണ്ടായിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചെറുകിട ഭക്ഷ്യ ഉല്പാദകര്‍ക്കും കച്ചവടക്കാര്‍ക്കും ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുകയാണ് ലക്ഷ്യം.ഭക്ഷ്യ ഉല്‍പാദകരുടെയും കച്ചവടക്കാരുടെയും പൂര്‍ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ അവതരണം ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ശ്രീ അജയകുമാര്‍ നിര്‍വഹിക്കും.

 

ഭക്ഷ്യ വസ്തുവിന്റെ പേര്, നിര്‍മിച്ച തിയതി, കാലാവധി, നിര്‍മാതാവിന്റെ അഡ്രസ്, എഫ്.എസ്.എസ്.എ.ഐ നമ്പര്‍, ബാച്ച് നമ്പര്‍, ഭക്ഷ്യ വസ്തുവില്‍ അടങ്ങിരിക്കുന്ന ഘടകങ്ങള്‍ തുടങ്ങി ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ആവശ്യം ഉണ്ടായിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിന്റെ ചട്ടങ്ങളില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ഇത്തരത്തില്‍ കൃത്യമായ ലേബല്‍ ഇല്ലാതെ വില്‍ക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമം വകുപ്പ് 52 പ്രകാരം മൂന്ന് ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൃത്യമായ ലേബലില്ലാതെ വില്‍ക്കുന്നതിന് നിര്‍മാതാവിനുള്ള അതേ ഉത്തരവാദിത്തം വില്‍ക്കുന്ന കച്ചവടക്കാരനുമുണ്ട്. പലപ്പോഴും പല കച്ചവടക്കാരും ഇത്തരത്തില്‍ കേസുകളില്‍ പെട്ട് പിഴ അടക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനുകൂടിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഓപ്പറേഷന്‍ മേല്‍വിലാസം എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്.