ബിനീഷ് കോടിയേരി ചെയ്തത് ഗള്‍ഫ് നാടുകളിലാണെങ്കില്‍ വധശിക്ഷ ലഭിക്കാവുന്നകുറ്റം: അഡ്വ. വി വി പ്രകാശ്

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ധര്‍ണ്ണ ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കണ്‍സള്‍ട്ടേഷന്‍ രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ വെട്ടിക്കുറിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. ഡി സി സി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു. ബിനീഷ് കോടിയേരി ചെയ്തത് ഗള്‍ഫ് നാടുകളിലാണെങ്കില്‍ വധശിക്ഷ ലഭിക്കാവുന്നകുറ്റം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷമായി കേരള സിവില്‍ സര്‍വ്വീസിലെ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പിന്‍വാതില്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും സിവില്‍ സര്‍വ്വീസിന്റെ വിശ്വാസ്യത ഇല്ലാതാക്കി. ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണ്ണക്ക് സി ബ്രിജേഷ്, ഡോ. ബാബു വര്‍ഗീസ്, കെ പി പ്രശാന്ത്, അനില്‍കുമാര്‍, പി ടി അബ്രഹാം, എ കെ അഷ്‌റഫ്, സുധീര്‍ബാബു, എ ജിനേഷ്, രാജേന്ദ്രന്‍ പി, പി ബാബു, അനില്‍ സാം മാത്യു, വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.