ശമ്പളവും ആനുകൂല്യങ്ങളും ഇല്ല; അനിശ്ചിതകാല സമരവുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ

കോഴിക്കോട്: ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെ അനിശ്ചിതകാല സമരവുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ. ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ദേവസ്വം ബോര്‍ഡിനായി പൊതുഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തൃശ്ശൂർ ജില്ലയുടെ ഒരു ഭാഗം മുതൽ കാസർകോഡ് വരെയുള്ള 1600 ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. ഇവിടെ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരാണ് രണ്ട് വർഷമായി കൃത്യമായി ശമ്പളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്.
വരുമാനം കുറവുള്ള ബി, സി, ഡി ഗ്രേഡ് അമ്പലങ്ങളിലെ ജീവനക്കാരാണ് ശമ്പളം കിട്ടാത്തവരിൽ കൂടുതലും. അമ്പലങ്ങളിലെ നിത്യ പൂജ മുടങ്ങുമെന്നതിനാൽ മറ്റ് ജോലികൾക്കും പോകാൻ കഴിയില്ല. ഇതോടെ പട്ടിണിയുടെ വക്കിലാണ് കുടുംബങ്ങൾ. തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകളിലേതുപോലെ വരുമാനം പൊതുഫണ്ടാക്കിയാൽ ശമ്പള പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിനായി മലബാർ ദേവസ്വം പരിഷ്കരണ ബിൽ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.