മൂര്‍ക്കനാട് തോണി ദുരന്തത്തിന് 11 വര്‍ഷം.
അരീക്കോട്: മൂര്‍ക്കനാട് തോണി ദുരന്തത്തിന് 11 വര്‍ഷം. 2009 നവംബര്‍ നാലിന് മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്എസ്എസിലെ എട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരിച്ചത്. ഇവരുടെ മരണത്തെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൂര്‍ക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിച്ച് ഇരുമ്പ് നടപ്പാലം ഉയര്‍ന്നെങ്കിലും 2018ലെ പ്രളയത്തില്‍ ഇതിന്റെ മധ്യഭാഗം ഒലിച്ചുപോയി. പകരമുള്ള പാലം ഏതു തരത്തിലുള്ളതാകണമെന്ന തര്‍ക്കം തുടരുകയാണിപ്പോഴും. തര്‍ക്കംതീര്‍ക്കാന്‍ പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ അന്തിമതീരുമാനത്തിനായി
സര്‍ക്കാരിലേക്ക് കത്തെഴുതിയിരിക്കുകയാണ്. ചെറുവാഹനങ്ങള്‍ കടന്നുപോകുന്ന ഒറ്റവരി കോണ്‍ക്രീറ്റ് നടപ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലം നിര്‍മാണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ ഇപ്പോള്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യഘട്ട സാങ്കേതിക പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതോടെ പദ്ധതി നീണ്ടു. സബ് മേഴ്‌സിബിള്‍ പാലമാണ് പിഡബ്ല്യുഡി ഡിസൈന്‍ ചെയ്തത്. അതേസമയം, ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള തുടര്‍നടപടി സ്വീകരിക്കാതെ നടപ്പാലം പണിയാനാണ് എംഎല്‍എയ്ക്ക് താല്‍പ്പര്യം.