നിവാസികൾക്ക് കിണർ നിർമ്മിച്ച് നൽകി കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മാതൃക കാണിച്ചു

വൈലത്തൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ വാണിയന്നൂർ സ്കൂൾ പടിയിലെ നിവാസികൾക്ക് കിണർ നിർമ്മിച്ച് നൽകി കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മാതൃക കാണിച്ചു. വർഷങ്ങളായി കാരുണ്യ-സേവന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന കെ.കെ.എം. എ കുവൈറ്റിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതമാണ്. കുടിവെള്ള ക്ഷാമം നേരിടുന്ന 15 – ലേറെ കുടുംബങ്ങളുള്ള പ്രദേശങ്ങളിൽ കിണർ നിർമ്മിച്ച് നൽകൽ, ഡയാലിസിസ് സെന്റർ സ്ഥാപിക്കൽ, വിദ്യാഭ്യാസ പ്രോൽസാഹനങ്ങൾ നൽകൽ , കിഡ്നി രോഗികൾക്ക് സഹായം നൽകൽ എന്നിവ കെ.കെ.എം.എ. യുടെ പ്രവർത്തനങ്ങളിൽ ചിലതാണ്.
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എ. റഫീഖ് കെ.കെ.എം.എ സംസ്ഥാന ഭാരവാഹിയായ ആലിക്കൂട്ടി ഹാജി ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് വാണിയന്നൂർ സ്കൂൾ പടി പ്രദേശത്തുകാർക്ക് ആശ്വാസമായി കിണർ യാഥാർത്ഥ്യമായത്. കിണർ നിർമ്മിക്കാൻ സൗജന്യമായി സ്ഥലം ലഭിക്കാനുള്ള വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.പി അബ്ദുൽ ഗഫൂറിന്റെ പരിശ്രമം ലക്ഷ്യം കണ്ടു. നെടിയോടത്ത് ഹംസ ഹാജിയും പൊതുപ്രവർത്തകനായ മകൻ സുനീറും കിണർ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായ നൽകാൻ സ്വമനസാലേ തയ്യാറാക്കുകയായിരുന്നു. തുടർന്ന് കിണർ നിർമ്മാണം ത്വരിതഗതിയിലായി. കിണറിലേക്ക് പുതിയ വഴി നിർമ്മിച്ച് നൽകാനും ഇവർ തയ്യാറായി.
കെ.കെ.എം.എ നിർമ്മിച്ച നൽകിയ പൊതു കിണർ തിരൂർ സി.ഐ. ഫർഷാദ് പ്രദേശവാസികൾക്ക് സമർപ്പിച്ചു. ഒരിഞ്ച് ഭൂമിക്ക് വേണ്ടി പോലും കൊലപാതകങ്ങൾ വരെ അരങ്ങു തകർക്കുന്ന വർത്തമാനകാലത്ത് നെടിയോടത്ത് ഹംസ ഹാജിയും മകൻ സുനീറും ചെയ്തത് ഏറെ പുണ്യമുള്ള മഹൽ പ്രവർത്തിയാണെന്ന് സി.ഐ. ഫർഷാദ് അഭിപ്രായപ്പെട്ടു. കെ.കെ.എം എ സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ആലിക്കുട്ടി ഹാജി ആദ്ധ്യക്ഷ്യം വഹിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ തിരൂർ സി.ഐ. ഫർഷാദിനെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എ.റഫീഖ് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.കെ. എം.എ. സോണൽ വർക്കിംഗ് പ്രസിഡണ്ട് റസാഖ് മേലടി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികമ്പന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൽ ഗഫൂർ , കെ.കെ.എം.എ. ഭാരവാഹികളായ സലീം കൊമ്മേരി, ബഷീർ അമേത്ത് , വി.പി.കുഞ്ഞാവ, കോയക്കുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു

കെ.കെ.എം.എ. വാണിയന്നൂർ സ്കൂൾ പടിക്ക് സമീപം നിർമ്മിച്ച കിണർ തിരൂർ സി.ഐ. ഫർഷാദ് സമർപ്പിക്കുന്നു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എ.റഫിഖ് സമീപം.