ദേശീയപാതയ്ക്ക് സമീപം മരിച്ച നിലയില്‍ യുവാവിെനെ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

വള്ളുവമ്പ്രം സ്വദേശി കോടാലി കൂനിങ്ങൽ ആശിഖിനെയാണ് വള്ളുവമ്പ്രം അങ്ങാടിയിൽ മലപ്പുറം റോഡിൽ ദേശീയപാതയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടത്

മലപ്പുറം: വള്ളുവമ്പ്രം സ്വദേശി കോടാലി കൂനിങ്ങൽ ആശിഖിനെയാണ് വള്ളുവമ്പ്രം അങ്ങാടിയിൽ മലപ്പുറം റോഡിൽ ദേശീയപാതക്ക് സമീപത്തെ കെട്ടിടത്തിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ ഇയാളെ അന്വേഷിച്ച് വരുന്നതിനിടെ നാട്ടുകാരാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

തുടർന്ന് പോലീസിൽ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം യുവാവിന്റെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും തുടര്‍ നടപടികള്‍.