പൊന്നാനി ഹാര്‍ബറിന്റെ പുതിയ വാര്‍ഫ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു

പൊന്നാനിയില്‍ 150 ഫ്‌ളാറ്റുകള്‍ കൂടി പ്രഖ്യാപിച്ചു

 പൊന്നാനി ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച വാര്‍ഫിന്റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. ചടങ്ങില്‍ പൊന്നാനിയിലെ തീരദേശ വികസനത്തിനായി മത്സ്യത്തൊഴിലാളിക്കായി ഒരേക്കര്‍ സ്ഥലത്ത് 150 ഫ്‌ളാറ്റുകള്‍ കൂടി നിര്‍മിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രവൃത്തി ഡിസംബറില്‍ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

 

വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. പ്രവൃത്തി നടക്കുന്ന കര്‍മ്മ പുഴയോരപാത, നിര്‍ദ്ദിഷ്ട പടിഞ്ഞാറെക്കര ഹാങ്ങിങ് ബ്രിഡ്ജ് എന്നിവ ഹാര്‍ബറിനെ ബന്ധിപ്പിച്ചാണ് കടന്നുപോകുകയെന്നും ഇത് ഹാര്‍ബറിലെ മത്സ്യവ്യാപാരത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു.

 

ജില്ലയിലെതന്നെ പ്രധാന തുറമുഖമായി വളര്‍ന്ന പൊന്നാനിയില്‍ പുതിയ വാര്‍ഫ് വന്നതോടെ കൂടുതല്‍ ബോട്ടുകള്‍ അടുപ്പിക്കാനും, മത്സ്യം ഇറക്കിക്കഴിഞ്ഞ് നങ്കൂരമിടാനും സൗകര്യമായിട്ടുണ്ട്. മറ്റു ഹാര്‍ബറുകളിലില്ലാത്ത സ്റ്റോറേജ് മുറികളും പൊന്നാനിയുടെ പ്രത്യേകതയാണ്. 3.2 കോടി രൂപ ചെലവില്‍ 78 ആധുനിക സ്റ്റോറേജ് മുറികളാണ് ഇവിടെ ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

 സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പൊന്നാനിയില്‍ അഞ്ചു നിലകളിലായി ലിഫ്റ്റ് സൗകര്യത്തോടെ 150 ഫ്‌ളാറ്റുകള്‍ കൂടി നിര്‍മിക്കുന്നത്. ഇതേ സമയം പൊന്നാനി ഹാര്‍ബറിനടുത്ത് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി 12.9 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന 128 ആധുനിക ഫ്‌ളാറ്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

 

തീരദേശ ഗതാഗത വികസനത്തിന്റെ ഭാഗമായി 49 ലക്ഷം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വെളിയങ്കോട് അമ്മു മുസ്ല്യാര്‍ റോഡിന്റെ ഉദ്ഘാടനവും 21 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ചക്കരമാക്കല്‍ റോഡിന്റെയും 12 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന വലക്കയം-ചങ്ങാടം റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.