ജലജീവന്‍ മിഷന്‍: 2000 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനൊരുങ്ങി പഞ്ചായത്ത്

 

ജലജീവന്‍ മിഷന്റെ ഭാഗമായി അര്‍ഹരായ രണ്ടായിരം കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണമായി കുടിവെള്ള കണക്ഷന്‍ നല്‍കാനൊരുങ്ങുകയാണ് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും നിലവില്‍ പൈപ്പ് ലൈനുള്ള 60 മീറ്ററിനുള്ളില്‍ വെള്ളം കിട്ടാവുന്ന മുഴുവന്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ വികസനമാണ് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി നടത്തിപ്പിനായി മൂന്ന് കോടി 27 ലക്ഷം രൂപയുടെ ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി അംഗീകാരം വാങ്ങി നടപ്പാക്കി വരികയാണ്. നിലവിലുള്ള ടാങ്കിന് പുറമെ മറ്റൊരു ടാങ്ക് നിര്‍മിക്കാനും നിലവിലുള്ള പൈപ് ലൈനുകള്‍ നീട്ടാനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മൂന്ന് കോടി രൂപയുടെ പദ്ധതി. ഇതോടെ മൂന്നു മാസത്തിനുള്ളില്‍ പഞ്ചായത്തിലെ രണ്ടായിരം കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

പദ്ധതിയുടെ രണ്ടാംഘട്ടമായി 10 കോടി 48 ലക്ഷം രൂപയുടെ പദ്ധതി കൂടി നടപ്പാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. ഈ പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ സാധ്യമാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ പഞ്ചായത്തുകളില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പഞ്ചായത്തായി മാറാനും മൂര്‍ക്കനാട് പഞ്ചായത്തിന് കഴിയും.