ബീരാനിക്കാന്റെ ചായയും വികസന വര്‍ത്തമാനവുമായി മന്ത്രിയും എം.എല്‍.എയും
കഞ്ഞിപ്പുര: ബീരാനിക്കാന്റെ കടയിലെ ചൂട് ചായയും എണ്ണപ്പത്തിരിയും കഴിച്ച് മന്ത്രി കെ.ടി ജലീലും എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളും വര്‍ത്തമാനം പറഞ്ഞ് തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. നാടിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പറയുന്നതില്‍ കഴമ്പുണ്ടെന്ന് ഒരു നിമിഷമെങ്കിലും അവരും ചിന്തിച്ച് കാണണം.
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിനെത്തിനെത്തിയതായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നാട്ടുകാരനുമായ കെ.ടി ജലീലും മണ്ഡലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളും. ചടങ്ങ് 11 മണിക്കായിരുന്നെങ്കിലും ഇരുവരും നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പിന്നെ ഓരോ ചായയാവാമെന്ന് പറഞ്ഞ് മന്ത്രി എം.എല്‍.എയും കൂട്ടി തൊട്ടടുത്ത ബീരാനിക്കാന്റെ കടയിലേക്ക് കയറി.
പലപ്പോഴും തന്റെ കടയില്‍ വന്നിട്ടുള്ള മന്ത്രിയെ കണ്ടപ്പോള്‍ ബീരാനിക്കയുടെ മാസ്‌കിട്ട് മറച്ച മുഖത്ത് ചിരി വിടര്‍ന്നു. പിന്നെ തിടുക്കത്തില്‍ മന്ത്രിക്കും എം.എല്‍.എക്കും പാകത്തിന് കടുപ്പത്തില്‍ ഓരോ ചായയും പത്തിരിയും നല്‍കി. പിന്നെ വികസന ചര്‍ച്ചകള്‍ക്ക് ബീരാനിക്കാന്റെ ചായക്കട വഴിമാറി. നാട്ടിന്‍പുറത്തെ ചായക്കടകളിലെ സ്ഥിരം രാഷ്ട്രീയ ചര്‍ച്ചയല്ല, മന്ത്രിയും എം.എല്‍.എയും ചേര്‍ന്നുള്ള ഒരു നാടിന്റെ വികസന ചര്‍ച്ച.