താനൂര്‍ കോളേജിന് ഒഴൂരില്‍ കെട്ടിടമൊരുങ്ങുന്നു.

കിഫ്ബി അനുമതിയായതോടെ ഒഴൂരിലെ സ്ഥലം ഏറ്റെടുപ്പും കെട്ടിട നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വി അബ്ദുറഹ്‌മാന്‍ എംഎല്‍എ പറഞ്ഞു.

താനൂര്‍: താനൂര്‍ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കെട്ടിട നിര്‍മാണത്തിന് 19.64 കോടി രൂപയുടെ കിഫ്ബി അനുമതി. ഒഴൂരില്‍ കണ്ടെത്തിയ സ്ഥലത്ത് ഇതോടെ കെട്ടിടനിര്‍മാണത്തിന് വഴിതെളിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്ന് അര്‍ധ സ്ഥിരം കെട്ടിടം നിര്‍മിച്ചിരുന്നു. എന്നാല്‍, കോളേജ് സ്ഥാപിക്കണമെങ്കില്‍ അഞ്ച് ഏക്കര്‍ ഭൂമി വേണമെന്ന യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്ന് ഏക്കറിലാണ് കെട്ടിടം നിര്‍മിച്ചത്. ഇപ്പോള്‍ ഒഴൂരില്‍ അഞ്ചേക്കറിലേറെ പുതിയ ഭൂമി കണ്ടെത്തിയാണ് തുടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതിനെതിരെ താനൂര്‍ നഗരസഭ കോടതിയെ സമീപിച്ചിരുന്നു. നേരത്തെ, നിര്‍മിച്ച മൂന്നേക്കറിനോട് ചേര്‍ന്ന് രണ്ടരയേക്കറില്‍ നൂറിലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് താനൂര്‍ ഗവ. കോളേജ് തീരദേശത്ത് വേണമെന്ന തരത്തിലാണ് നഗരസഭ പ്രമേയവും പാസാക്കിയത്. ഇപ്പോള്‍ കിഫ്ബി അനുമതിയായതോടെ ഒഴൂരിലെ സ്ഥലം ഏറ്റെടുപ്പും കെട്ടിട നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വി അബ്ദുറഹ്‌മാന്‍ എംഎല്‍എ പറഞ്ഞു. താനൂര്‍ ഗവ. കോളേജില്‍ പുതിയ കോഴ്സ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. അഞ്ചുവര്‍ഷ കാലാവധിയുള്ള ഇന്റഗ്രേറ്റഡ് മലയാളം ബിരുദാനന്തര ബിരുദത്തിനാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്.