2021 ലെ ഹജജിനായി ഇന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം
കോവിഡ് പശ്ചാത്തലത്തിൽ അടുത്ത വർഷത്തെ ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രത്യേക ചട്ടങ്ങളുണ്ടാകും.
കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 2021ലെ ഹജ്ജിനായി ശനിയാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. അടുത്തവർഷത്തെ ഹജ്ജിെൻറ ആക്ഷൻ പ്ലാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ജൂലൈ 19 അറഫ ദിനമായി കണക്കാക്കിയാണ് തീയതികൾ നിശ്ചയിച്ചത്.
ഡിസംബർ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. ജനുവരിയിലായിരിക്കും നറുക്കെടുപ്പ്. ജൂൺ 26 മുതൽ ജൂലൈ 13 വരെയാണ് വിമാന സർവിസ്. ജൂലൈ 30 മുതൽ ആഗസ്റ്റ് നാലുവരെ മടക്ക സർവിസ്.
അവസരം ലഭിച്ചവർക്ക് ആദ്യഗഡു അടക്കാനും തുക അടച്ചതിെൻറ പേ-ഇൻ സ്ലിപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാനുമുള്ള സമയപരിധി മാർച്ച് ഒന്നാണ്. വിമാന സർവിസിന്റെ ടെൻഡർ നടപടികൾ ജനുവരി, ഫെബ്രുവരിയോടെ പൂർത്തിയാകും.
അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ അടുത്ത വർഷത്തെ ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രത്യേക ചട്ടങ്ങളുണ്ടാകും. നിലവിലെ സാഹചര്യത്തിൽ അപേക്ഷിക്കാവുന്ന വയസ്സ്, ആരോഗ്യപരവും മറ്റുമുള്ള യോഗ്യതകൾ എന്നിവ അടങ്ങിയ നിർദേശങ്ങൾ അറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.