എം.സി കമറുദ്ദീൻ എം എൽ എയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി വിവേക് കുമാര്‍. ഇന്ന് രാവിലെ 10.30 മുതലാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്നായിരുന്നു അന്വേഷണ സംഘത്തിനു മുന്നില്‍ കമറുദ്ദീന്റെ മൊഴി. അതേസമയം, ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ടികെ പൂക്കോയ തങ്ങളെയും മറ്റ് ഡയറക്ടര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്നും ശക്തമായ തെളിവുകളാണ് എംഎല്‍എക്കെതിരെ ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എംസി കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ഓഗസ്റ്റ് 27നാണ് ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 115 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു.