ജനകീയ കൂട്ടായ്മയാല്‍ ചരിത്രനേട്ടം കുറിച്ച് ഇരുമ്പൂഴി ജി എം യു പി സ്‌കൂള്‍

ഇരുമ്പൂഴി ജി എം യു പി സ്‌കൂളിന് വാങ്ങിയ ഭൂമിയുടെ ആധാരം പിടിഎ പ്രസിഡന്റ് കെ പി അബ്ദുല്‍ മജീദ് , ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി സുനീറക്ക് കൈമാറുന്നു

ഇരുമ്പൂഴി: ജനകീയ കൂട്ടായ്മയിലൂടെ ഒട്ടനവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയ ഇരുമ്പൂഴി ജി എം യു പി സ്‌കൂള്‍ 30 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നും 5 ലക്ഷം രൂപ ആനക്കയം പഞ്ചായത്ത് ഫണ്ടില്‍ നിന്നും സമാഹരിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം വാങ്ങിച്ചു. 2016 ല്‍ മലപ്പുറം ജില്ലയില്‍ ആദ്യമായി ജനകീയ കൂട്ടായ്മയിലൂടെ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ച് എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ് ചെയ്ത് സമ്പൂര്‍ണ്ണ ഹൈടെക്ക് ആക്കി. പെഡഗോജി പാര്‍ക്ക്, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പദ്ധതി, ലൈബ്രറി പുസ്തക ശേഖരണം, സര്‍ക്കാര്‍ വിദ്യാലയം നടപ്പിലാക്കിയ ആദ്യത്തെ ജനകീയ മാരത്തോണ്‍ മത്സരം തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ ഒത്തൊരുമയുടെ കൂട്ടായ്മയിലൂടെ നടപ്പിലാക്കി ശ്രദ്ധനേടി. പുതുതായി വാങ്ങിയ ഭൂമിയുടെ രേഖാ കൈമാറ്റ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ പി അബ്ദുല്‍ മജീദ് , ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി സുനീറക്ക് ആധാരം കൈമാറി. ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിഹാബ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി അബ്ദുല്‍ സലാം, മുന്‍ ഹെഡ്മാസ്റ്റര്‍മാരായ കെ എം സുഷ, ഹബീബ് റഹ്്മാന്‍ പുല്‍പ്പാടന്‍, എസ് എം എല്‍ ചെയര്‍മാന്‍ യു മൂസ്സ , ജനകീയ കമ്മിറ്റി ഭാരവാഹികളായ പി പി കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍, സി പി മാസ്റ്റര്‍, എ പി ഉമ്മര്‍, സി കെ മമ്മു, കെ പി അലി, രഞ്ജിത്ത് വി, കെ അലവി, ട്രഷറര്‍ സി പി അഷ്‌റഫ് സംസാരിച്ചു.